അവകാശങ്ങള്‍ക്കായി സമുദായം ഒന്നിച്ചു നില്ക്കും: മോണ്‍. മലേക്കണ്ടത്തില്‍
1600820
Sunday, October 19, 2025 4:17 AM IST
കോതമംഗലം: ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി സമുദായം ഒന്നിച്ചു നില്ക്കുമെന്നു കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍ ഡോ. പയസ് മലേക്കണ്ടത്തില്‍ പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണയാത്രയ്ക്ക് കോതമംഗലത്തു നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം കൊടുത്തിട്ടുള്ള സമരങ്ങള്‍ കേരള സമൂഹത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനം നമുക്ക് അറിവുള്ളതാണ്. വിമോചന സമരവും മലയാളി മെമ്മോറിയല്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകളും കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമല്ല സമൂഹത്തിന് നന്മയായി അനീതിക്കെതിരേ എന്നും ശക്തമായ നില്ക്കുന്ന ചരിത്രമാണ് കത്തോലിക്ക സഭയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരുകളുടെ ജനവിരുദ്ധ സമീപനങ്ങളെയും മര്യാദകേടിനെയും എന്നും എതിര്‍ക്കുകയും തോല്‍പ്പിക്കുകയും ചെയ്ത ചരിത്രമാണ് സമുദായത്തിന്റേതെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. കത്തോലിക്ക സമുദായം, തെറ്റുകാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നാനാഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന് സമുദായ അംഗങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങളും വനം വകുപ്പ് അധികൃതരും ഒരുപറ്റം അധികാരികളും കര്‍ഷകരെ വേട്ടയാടുകയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ ചൂണ്ടിക്കാട്ടി.
ഫാമിലി അപ്പോസ്തലേറ്റ് - ഡിഎഫ്സി രൂപത ഡയറക്ടര്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം, സോഷ്യല്‍ സര്‍വീസ് രൂപത ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുപറമ്പില്‍, ഫൊറോന പ്രസിഡന്റ് ബിജു വെട്ടിക്കുഴ, കത്തീഡ്രല്‍ യൂണിറ്റ് പ്രസിഡന്റ് ബിനോയ് പള്ളത്ത്, ഫൊറോന സെക്രട്ടറി സോണി പാമ്പക്കല്, ഫാമിലി അപ്പോസ്തലേറ്റ് രൂപത പ്രസിഡന്റ് ഡിഗോള്‍ ജോര്‍ജ്, ഡിഎഫ്സി ഫൊറോന പ്രസിഡന്റ് ജോര്‍ജ് മങ്ങാട്ട്, പിതൃവേദി രൂപത സെക്രട്ടറി ജിജി പുളിക്കല്‍, മാതൃവേദി പ്രസിഡന്റ് ഫിലോ ജോര്‍ജ് തെക്കേകുന്നേല്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനും സഹയാത്രികര്‍ക്കും ഹാരാര്‍പ്പണം നടത്തി.