ലൈറ്റ് ഹൗസ് ബീച്ചിൽ സുരക്ഷ തീരെ പോരാ
1601247
Monday, October 20, 2025 4:35 AM IST
വൈപ്പിൻ: അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും നിരവധി സന്ദർശകർ എത്തുന്ന പുതുവൈപ്പ് ലൈറ്റ് ഹൗസ് ബീച്ചിൽ സന്ദർശകർക്ക് സുരക്ഷ പോരെന്ന് ആക്ഷേപം.
ലൈഫ് ഗാർഡുകളോ പോലീസോ സേവനത്തിൽ ഇല്ലാത്തതിനാൽ പരിധിവിട്ട് കടലിൽ കുളിക്കുന്നവരെ വിലക്കാനും നിയന്ത്രിക്കാനും ആരുമില്ല. മാത്രമല്ല, അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനത്തിലും മറ്റും യാതൊരു സംവിധാനങ്ങളും ഇവിടെയില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് മഹാരാജാസ് കോളജിലെ ഒരു വിദ്യാർഥി മുങ്ങിമരിച്ച ഫോർട്ട് വൈപ്പിൻ പെബിൾസ് ബീച്ചിലെ സ്ഥിതിയും ഇതുതന്നെയാണ്.
നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ ഇവിടെ എത്തുന്ന സന്ദർശകർ പരിധിവിട്ട് കടലിൽ ഇറങ്ങി കുളിക്കുക പതിവാണെന്ന് പ്രാദേശവാസികൾ പറയുന്നു. ഈ സാഹചര്യത്തിൽ അവധി ദിനങ്ങളിൽ രണ്ട് ബീച്ചുകളിലും ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതരോട് ആവശ്യപ്പെട്ടു.