തപാൽ ഓഫീസിന്റെ മതിൽ ഇടിഞ്ഞു വീണു
1601511
Tuesday, October 21, 2025 2:57 AM IST
വാഴക്കുളം: ടൗൺ മധ്യത്തിലുള്ള തപാൽ ഓഫീസിന്റെ മതിൽ ഇടിഞ്ഞു വീണു. ഇന്നലെ രാവിലെയാണ് മതിൽ ഇടിഞ്ഞു വീണതായി കണ്ടത്. ഇതോടെ മതിലിനോടു ചേർന്നു ഓഫീസ് വളപ്പിൽ നിന്നിരുന്ന വൈദ്യുത പോസ്റ്റ് ചെരിഞ്ഞ് അപകട ഭീഷണിയിലായി. വൈദ്യുത വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വൈദ്യുത പോസ്റ്റ് റോഡരികിലേക്ക് മാറ്റി സ്ഥാപിച്ച് വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.
വാഴക്കുളം ടൗണിൽ നിന്ന് കൂത്താട്ടുകുളത്തിനുള്ള തിരക്കേറിയ വഴിയോരത്താണ് തപാൽ ഓഫീസ്. നാലു പതിറ്റാണ്ടോളമായ ഓഫീസ് കെട്ടിടം അതീവ ജീർണാവസ്ഥയിലാണ്. കെട്ടിടത്തിന്റെ വാർക്ക പൊളിഞ്ഞ് മഴ പെയ്യുമ്പോൾ ഉള്ളിലേക്ക് വെള്ളം ഇറങ്ങുന്നുണ്ട്.
ഭിത്തികൾ വിണ്ടുകീറിയിട്ടുണ്ട്. ജനലുകൾ തകർന്ന നിലയിലുമാണ്. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. ജീവനക്കാർക്കും പൊതുജനങ്ങൾക്കും തപാൽ ഓഫീസ് ഭീഷണിയായ വിവരം ചൂണ്ടിക്കാട്ടി പോസ്റ്റുമാസ്റ്റർ ജനറലിനു പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല..