ഓൺലൈൻ ട്രേഡ് തട്ടിപ്പ് വീണ്ടും; ദമ്പതികൾക്ക് 60.5 ലക്ഷം നഷ്ടം
1601534
Tuesday, October 21, 2025 2:57 AM IST
വൈപ്പിൻ: ഓൺലൈൻ ഗോൾഡ് ട്രേഡിംഗ് തട്ടിപ്പിൽ ദമ്പതികൾക്ക് 6055,000 രൂപ നഷ്ടമായി. പുതുവൈപ്പിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലെ മെസഞ്ചർ ആപ് വഴി പരിചയപ്പെട്ട അജ്ഞാത സ്ത്രീക്കെതിരെ ദമ്പതികൾ ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
താൻ ബിജിസി കമ്പനിയുടെ ഏജന്റാണെന്നും കമ്പനിയുടെ ഗോൾഡ് മൈനിംഗ് ട്രേഡിംഗ്എന്ന ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ചാൽ സ്വർണവില കൂടുന്നതനുസരിച്ച് ലാഭവിഹിതം ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഇവർ പറഞ്ഞ പ്രകാരം ദമ്പതികൾ ഇവരുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 2025 മേയ് മുതൽ ഓഗസ്റ്റ് വരെ പലപ്പോഴായി തുക നൽകി. എന്നാൽ പറഞ്ഞതുപ്രകാരം ലാഭവിഹിതം കിട്ടാതെ വന്നപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതും പോലീസിൽ പരാതി നൽകിയതും .