ആലുവയിൽ റെയിൽവേ മേൽപ്പാലം അടച്ചിട്ട് ഒരു വർഷം; തീരാതെ യാത്രാദുരിതം
1601525
Tuesday, October 21, 2025 2:57 AM IST
ആലുവ: കെഎസ്ആർടി ബസ്സ്റ്റാൻഡിന് എതിരെയുള്ള ആലുവ റെയിൽവേ സ്റ്റേഷൻ മേൽനടപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഒരു വർഷത്തോടടുക്കുന്പോൾ ഇതിലൂടെ യാത്ര ചെയ്തിരുന്നവരുടെ യാത്രാദുരിതവും തുടരുകയാണ്. മുനിസിപ്പൽ സ്റ്റാൻഡ്, താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷൻ, ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളുകൾ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്നരാണ് ദുരിതമനുഭവിക്കുന്നത്. നിലവിൽ ഒന്നര കിലോമീറ്റർ ചുറ്റിയാണ് എല്ലാവരും യാത്ര ചെയ്യുന്നത്.
അറ്റകുറ്റപ്പണിയുടെ ചെലവ് ആര് വഹിക്കണമെന്നതിൽ തീരുമാനമാകാതെ നവീകരണം ആരംഭിക്കാൻ മേയ് വരെ നീണ്ടെങ്കിലും ഇതിനോടകം നടപ്പാതകളുടെ കോൺക്രീറ്റിംഗ് പൂർത്തിയായിട്ടുണ്ട്. തുരുമ്പെടുത്ത ചട്ടക്കൂട് മാറ്റി പെയിന്റ് ചെയ്യുന്നത് അവസാനഘട്ടത്തിലാണ്. ദീപാവലി ദിവസവും പണി നടക്കുന്നുണ്ട്. ഇനിയും ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് സൂചന.
മേൽപ്പാലത്തിനടിയിലൂടെ പോകുന്ന ഹൈവോൾട്ടേജ് വൈദ്യുതി ലൈനുകൾ ഓഫ് ചെയ്ത് മാത്രമേ അറ്റകുറ്റപ്പണികൾ നടത്താനാകൂ.
ട്രെയിൻ എഞ്ചിനുകൾക്ക് വൈദ്യുതി വേണ്ടതിനാൽ ഈ സമയം ഗതാഗതം നിരോധിക്കേണ്ടി വരും. ഇതാണ് അറ്റകുറ്റപ്പണി വൈകാനുണ്ടായ പ്രധാന കാരണമെന്നും അധികൃതർ പറയുന്നു.