ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസ്: ശിലാസ്ഥാപനം ഇന്ന്
1601520
Tuesday, October 21, 2025 2:57 AM IST
പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി പി. രാജീവ് നിർവഹിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള സ്ഥലത്ത് 9,400 ചതുരശ്രയടിയിൽ മൂന്ന് നിലകളിലായാണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കെട്ടിടം നിർമിക്കുന്നത്.
പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഡിപിആർ കൈമാറലും, അഞ്ചു വർഷത്തെ പഞ്ചായത്ത് ഭരണത്തിന്റെ വികസന നേർസാക്ഷ്യമായ വികസനരേഖ പ്രകാശിപ്പിക്കലും ചടങ്ങിൽ നടക്കും.
പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 24 x 7 ഓട്ടോ ആർമി പദ്ധതിക്കും ചടങ്ങിൽ തുടക്കംകുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, വി.എ. താജുദീൻ, സമീറ ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.