യുവാക്കളെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: കൊടിമരം ജോസുമായി തെളിവെടുപ്പ് നടത്തി
1601536
Tuesday, October 21, 2025 2:58 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തു നിന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയുമായി തെളിവെടുപ്പ് നടത്തി.
പിടികിട്ടാപ്പുള്ളിയും കൊല്ലം സ്വദേശിയുമായ കൊടിമരം ജോസ് (40) എന്ന ജോസിനെയാണ് തൃശൂരില്‍ നിന്ന് എറണാകുളം നോര്‍ത്ത് എസ്ഐ പി.പി. റെജിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകമടക്കം ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇന്നലെ ഉച്ചയോടെയാണ് ഇയാളെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ നിന്ന് സംസാരിക്കുകയായിരുന്ന പത്തനംതിട്ട സ്വദേശി അഖിലേഷ് പി. ലാലനെയും സുഹൃത്ത് വിഷ്ണുവിനെയും ജോസിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പാലത്തിന്റെ മുകളിലെത്തിച്ച് മര്‍ദിച്ച ശേഷം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം കൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി എടിഎമ്മില്‍ നിന്ന് ബലപ്രയോഗത്തിലൂടെ 9,500 രൂപ പിന്‍വലിപ്പിക്കുകയും ഫോണ്‍ മോഷ്ടിക്കുകയുമായിരുന്നു.
കേസില്‍ ജോസിന്റെ കൂട്ടാളികളായ മുഹമ്മദലിയും ഫിറോസ് ഖാനും നേരത്തെ പിടിയിലായിരുന്നു. എന്നാല്‍ ഇയാള്‍ സംഭവത്തിനുശേഷം തൃശൂരിലേക്ക് മുങ്ങുകയായിരുന്നു. അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഞായറാഴ്ച തൃശൂര്‍ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കുടുങ്ങിയത്.
തുടര്‍ന്ന് പ്രതിയെ എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.