ഓണത്തിനൊരുങ്ങി കുത്താമ്പുള്ളി നെയ്ത്തുഗ്രാമം
1583983
Friday, August 15, 2025 1:17 AM IST
ശശികുമാർ പകവത്ത്
തിരുവില്വാമല: തങ്കനൂലിഴകളിൽ വിസ്മയം നെയ്യുന്ന കുത്താമ്പുള്ളി നെയ് ത്തുഗ്രാമം ഓണത്തിനൊരുങ്ങി. ചിങ്ങമാസം ഇരുപതിനാണ് തിരുവോണമെത്തുന്നതെങ്കിലും തൃശൂർ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽ നിളയും ഗായത്രിയും കസവുചാർത്തുന്ന പ്രസിദ്ധ കൈത്തറി നെയ്ത്ത് ഗ്രാമമായ കുത്താമ്പുള്ളിയിലെ കസവ് കലവറകളിൽ ഓണത്തിരക്കേറിയിട്ട് ദിവസങ്ങളേറെയായി.
പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങൾ കൊണ്ടാണു മലയാളി ഓണ ത്തിന് ഉടുത്തൊ രുങ്ങുന്നത്. എന്നാൽ കുത്താമ്പു ള്ളിയുടെ പേരിനും പ്രശസ് തിക്കും ഭംഗംവരുത്തുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നെയ്ത്തുകാരും പഴയകാല വ്യാപാരികളും പറയുന്നു.
മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടാ ക്കുന്നതും വിലക്കുറവിൽ കിട്ടുന്നതുമായ പട്ടും കളർ ഡ്രസുകളും ഇവിടെ നിർമിക്കുന്നതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതു പാരമ്പര്യത്തിനു കോട്ടമുണ്ടാകാൻ കാരണമാകുമെന്നാണു മൊത്തവ്യാപാരികളുടെയും നെയ്ത്തുകാരുടെയും ആശങ്ക. ഇത്തരം വസ്ത്രങ്ങൾ കുത്താമ്പുള്ളിയിൽ നെയ്യുന്നതായി ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടുന്നു. സോഷ്യൽ മീഡിയയുടെ അതിപ്രസരം ഭാവിയിൽ പരമ്പരാഗതമായുള്ള നെയ്ത്തുകച്ചവടം പ്രതിസന്ധിയിലാക്കുമെന്നും ഇവർ പറയുന്നു.
ഇനിയുള്ള ദിവസങ്ങളിൽ ആയിരങ്ങളാണു കസവിന്റെ പകിട്ടുതേടി ദേവാംഗസമുദായക്കാർ താമസിക്കുന്ന ഈ കൈത്തറി ഗ്രാമത്തിലേക്ക് എത്തുക. സെറ്റുസാരി, ഡബിൾ, സെറ്റുമുണ്ട്, കൈത്തറി ചുരിദാറുകൾ തുടങ്ങിയ തുണിത്തരങ്ങളുടെ ശേഖരങ്ങളാണ് ഇവിടത്തെ കലവറകളിൽ ഒരുക്കിയിരിക്കുന്നത്. കസവുമാത്രമല്ല പവർലൂം തുണിത്തരങ്ങളും കുത്താമ്പുള്ളിയിലുണ്ട്.കേരളവും മറുനാടൻ മലയാളികളും കേരളത്തനിമയുള്ള ഓണക്കോ ടിയുടുത്തൊരുങ്ങുന്നത് ഇവിടുത്തെ വസ്ത്രങ്ങൾ കൊണ്ടാണ്. കൈത്തറി - കസവ് വസ്ത്രങ്ങൾക്കായാണ് ഇവിടേക്ക് ജനങ്ങൾ കൂടുതലായി എത്തുന്നതെങ്കിലും വിവാഹ ആവശ്യങ്ങൾക്കും മറ്റുസ്ഥലങ്ങളിൽ നിന്ന് നിരവധി പേർ എത്താറുണ്ട്.
കേരളത്തിലെമ്പാടുമുള്ള കടകളിലും കുത്താമ്പുള്ളി വസ് ത്രങ്ങളുടെ ശേഖരമുണ്ട്. കസവ് കരയുള്ള സെറ്റ് മുണ്ട്, സാരി, ഡബിൾ എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി വിറ്റഴിയുന്നത്. ഡിസൈൻ സാരികളിലാണ് കുത്താമ്പുള്ളിയുടെ പെരുമ. മയിൽ, പൂവ്, കൃഷ്ണൻ എന്നിങ്ങനെ ഏതു ഡിസൈനിലും അനായാസം നെയ്തെടുക്കും. വസ്ത്രങ്ങളിൽ പ്രിന്റുചെയ്യുന്ന പ്രിന്റിംഗ് സ്ഥാപനങ്ങളും കുത്താമ്പുള്ളിയിൽ പ്രവർത്തിക്കുന്നുണ്ട് . അന്യസംസ്ഥാനങ്ങളിൽനിന്ന് കൂടുതലായി തുണിത്തരങ്ങൾ കൊണ്ടുവന്നുവിൽക്കുന്നതുകൊണ്ട് പരമ്പരാഗത നെയ്ത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നുളള ആശങ്കയുമുണ്ട്്.