കൂടല്‍മാണിക്യം സ്വത്തുക്കള്‍ സുരക്ഷിതമാണോയെന്നു പരിശോധിക്കണം: കേരള കോണ്‍ഗ്രസ്
1600481
Friday, October 17, 2025 7:18 AM IST
ഇരിങ്ങാലക്കുട: കേരളത്തിലെ തിരുവിതാംകൂർ, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ എന്നീ ദേവസ്വം ബോര്‍ഡുകളോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ദേവസ്വം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭരണത്തിനു കീഴിലുള്ള ഇരിങ്ങാ ലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൂടല്‍മാണിക്യസ്വാമിയുടെ വകയായിട്ടുള്ള വിലപിടിപ്പുള്ള എല്ലാ സ്വത്തുക്കളും ദേവസ്വം ഭരണത്തില്‍ സുരക്ഷിതമാണോയെന്നു ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതൃസംഗമം കുറ്റപ്പെടുത്തി.
കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വ്യക്തികളും ഈശ്വരവിശ്വാസികളല്ലെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്ക സ്വാഭാവികമാണ്. കഴിഞ്ഞ ഏഴുവര്‍ഷമായി ക്ഷേത്രങ്ങളിലെ വരവു ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് നടക്കാറില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. കൂടല്‍മാണിക്യ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ അവസ്ഥയെക്കുറിച്ച് ആവശ്യമായ പരിശോധന നടത്തി യഥാർഥവസ്തുതകള്‍ ജനങ്ങളെ അറിയിക്കണമെന്നും കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലംതല നേതൃസംഗമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.