ടേപ്പിനു നീളം പോരെന്ന്; മത്സരങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ വൈകി
1600486
Friday, October 17, 2025 7:18 AM IST
കുന്നംകുളം: കായികാധ്യാപകരുടെ നിസഹകരണവും പ്രതിഷേധവും സംഘാടകരുടെ പിടിപ്പുകേടുംജില്ലാതല കായികമേളയുടെ നിറം കെടുത്തി.
രാവിലെ ഇൻക്ലൂസീവ് മത്സരങ്ങൾക്കും ഉദ്ഘാടനത്തിനുംശേഷം തുടങ്ങേണ്ട പെൺകുട്ടികളുടെ ജൂണിയർ വിഭാഗം മത്സരം തുടങ്ങിയത് ഉച്ചയ്ക്കു പന്ത്രണ്ടരയോടെ. കുട്ടികൾ ചാടിയ ദൂരം അളക്കാനുള്ള ടേപ്പ് നീളം പോരെന്ന മുടന്തൻന്യായവുമായി മത്സരം നിയന്ത്രിക്കേണ്ടവർ സമയം വൈകിക്കുകയായിരുന്നു.
ടേപ്പിനു നീളം പോരെന്ന കാര്യം ആരും സംഘാടകസമിതി ഓഫീസിൽ അറിയിക്കാനും തയാറായില്ല. അത്രയും നേരം മത്സരത്തിനുള്ള കുട്ടികൾ പൊരിവെയിലത്ത് ഊഴംകാത്തിരുന്നു. കാര്യമറിയാതെ രക്ഷാകർത്താക്കളും അക്ഷമരായിരുന്നു.
പോൾവോൾട്ടിനുള്ള ബെഡിനുപകരം ഹൈജംപിനുള്ള ബെഡാണ് സംഘാടകർ ഒരുക്കിയിരുന്നത്. വേറെ ബെഡില്ലാത്തതിനാൽ ഒരേസമയം നടത്താമായിരുന്ന ഹൈജംപ് മത്സരം പിന്നീടാണ് നടത്തിയത്. പോൾ വോൾട്ട് ക്രോസ് ബാർ ഉയർത്താൻ ഉപയോഗിച്ചിരുന്നതു മരക്കന്പാണ്. മത്സരം നടക്കുന്നിടത്ത് മേശ എത്താൻ വൈകിയും കുട്ടിത്താരങ്ങളെയാണ് ബാധിച്ചത്.
മത്സരാർഥികൾ പലരും കുഴഞ്ഞവീണപ്പോൾ മെഡിക്കൽ സഹായം വൈകിയാണു ലഭിച്ചിരുന്നത്. ഗ്രൗണ്ടിന്റെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള മെഡിക്കൽ സംഘം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വിവരം അറിയിക്കുന്ന മുറയ്ക്കുമാത്രം നടന്നെത്തുകയായിരുന്നു.
പരിക്കേറ്റവരെ സ്ട്രെച്ചറിൽ എടുത്തുകൊണ്ടുപോകാൻ ത്രാണിയില്ലാതെ വോളന്റിയർമാരായ ചെറിയ കുട്ടികൾ പാടുപെടുന്നുണ്ടായിരുന്നു.
ആദ്യദിനം: ഈസ്റ്റ് ഉപജില്ല മുന്നിൽ
തൃശൂർ: റവന്യൂ ജില്ലാ കായികമേളയുടെ ആദ്യദിനത്തിൽ ഈസ്റ്റ് ഉപജില്ലയ്ക്കു മുന്നേറ്റം. 23 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഈസ്റ്റ് ഉപജില്ല 46 പോയിന്റ് നേടി. ആറു സ്വർണവും നാലു വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. മൂന്നു സ്വർണവും ആറു വെള്ളിയും ഒരു വെങ്കലവുമായി 34 പോയിന്റ് നേടി ചാലക്കുടിയാണ് രണ്ടാമത്. മൂന്നു സ്വർണം, നാലു വെള്ളി, നാലു വെങ്കലുമായി 31 പോയിന്റോടെ ചാവക്കാട് മൂന്നാമതുണ്ട്.
സ്കൂളുകളിൽ മൂന്നു സ്വർണം, നാലു വെള്ളി, രണ്ടു വെങ്കലം ഉൾപ്പടെ 29 പോയിന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളാണ് മുന്നിൽ. രണ്ടു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതുണ്ട്. ആളൂർ ആർഎം ഹയർ സെക്കൻഡറി സ്കൂൾ മൂന്നു സ്വർണവും ഒരു വെള്ളിയുമായി 18 പോയിന്റ് നേടി മൂന്നാംസ്ഥാ നത്താണ്.
മുളക്കോൽ കുത്തിച്ചാടി, സ്വർണത്തിൽ മുത്തമിട്ട് നന്ദന
കുന്നംകുളം: മറ്റുള്ളവർ ആധുനിക പോൾ കുത്തിച്ചാടിയപ്പോൾ തന്നെക്കാൾ പ്രായക്കൂടുതലുള്ള മുളക്കോൽ കുത്തിച്ചാടി സ്വർണത്തിൽ മുത്തമിട്ട് നന്ദന എസ്. മേനോൻ. വെറും പത്തുദിവസത്തെ പരിശീലനത്തിലൂടെ നന്ദന ചാടിക്കടന്നത് 1.60 മീറ്ററാണ്.

ചേലക്കര എസ്എംടി ജിഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥിനിയായ നന്ദന സ്കൂളിലെ 18 വർഷം പഴക്കമുള്ള മുളക്കോലിലാണ് ചാടിപ്പഠിച്ചത്. കായികാധ്യാപകരായ സന്തോഷും മേരിടീച്ചറുമായിരുന്നു പരിശീലകർ. കഴിഞ്ഞ വർഷം മൂവായിരം മീറ്റർ ഓട്ടത്തിനുണ്ടായിരുന്നെങ്കിലും സമയത്ത് എത്താനാകാതെ മത്സരിക്കാനായില്ല. ആദ്യമായാണ് ജില്ലാതല കായികമത്സരത്തിൽ പങ്കെടുക്കുന്നത്.
ഇത്തവണ 3000, 1500 മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്നുണ്ട്. കൃഷിക്കാരനായ തോന്നൂർക്കര അമ്പലപ്പാട്ട് ശിവദാസ്- പ്രേമകുമാരി ദമ്പതികളുടെ ഏകമകളാണ്.
റിസ്വാന ഷോട്ട്പുട്ടിലെ പൊൻതാരകം
കുന്നംകുളം: സബ് ജൂണിയർ ഷോ ട്ട്പുട്ടിൽ 8.66 മീറ്റർ എറിഞ്ഞു ഭാവിയുടെ പൊൻതാരകമാകാൻ തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ റിസ്വാന ഷാജുദീൻ. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

കഴിഞ്ഞ വർഷം സംസ്ഥാന സിബിഎസ്ഇ കായികമേളയിൽ സ്വർണംനേടിയ റിസ്വാന ദേശീയകായികമേളയിലും പങ്കെടുത്തിരുന്നു. നാളെ ഡിസ്കസ് ത്രോയിൽ മത്സരിക്കും. തെക്കുംകര മണലിത്തറ തൊണ്ടിക്കാട്ടുവളപ്പിൽ ഷാജുദീൻ - ഹസിത ദമ്പതികളുടെ മകളാണ്. സഹോദരി മുഹസീന ബംഗളൂരുവിൽ പഠിക്കുന്നു.
പ്രതിഷേധ ജാഥയുമായി കായികാധ്യാപകർ
കുന്നംകുളം: ജില്ലയിലെ കായികാധ്യാപക കൂട്ടായ്മയുടെ പ്രതിഷേധജാഥയോടെയാണ് ഇന്നലെ ജില്ലാ കായികമേളയ്ക്ക് ട്രാക്ക് ഉണർന്നത്. ഉദ്ഘാടനസമ്മേളനം ആരംഭിക്കുന്നതിനുമുന്പാണ് നൂറോളം വരുന്ന ജില്ലയിലെ കായികാധ്യാപകർ ട്രാക്കിൽ പ്രതിഷേധജാഥ നടത്തിയത്.
മത്സരം തടസപ്പെടുമോയെന്നുവരെ സംശയം ഉളവായെങ്കലും, പ്രകടനശേഷം അധ്യാപകർ പിരിഞ്ഞുപോവുകയും അവരവരുടെ ഡ്യൂട്ടികളിൽ പ്രവേശിക്കുകയും ചെയ്തു.

ഇതിനിടെ പ്രതിഷേധിച്ച കായികാധ്യാപകരിൽ ചിലർ പ്രതിഷേധ ബാനർ പിടിച്ചുകൊണ്ട് സ്റ്റേഡിയത്തിലെ ട്രാക്കിനുസമീപം നിന്നത് എ.സി. മൊയ്തീൻ എംഎൽഎ ഇടപെട്ട് ഒഴിവാക്കി. പ്രതിഷേധം സ്റ്റേഡിയത്തിനു പുറത്തു നടത്തണമെന്നും ഉള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്നും പറഞ്ഞാണ് എംഎൽഎ അവരെ മാറ്റിയത്.
ഉദ്ഘാടനസമ്മേളനത്തിൽ കായികാധ്യാപകരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന വിഷയമാ ണെന്നും ഇതിനുള്ള ശ്രമങ്ങൾ മുന്നണി തലത്തിൽ നടക്കുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിനു തന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്കു ബാധകമാക്കി കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, യുപി, എച്ച്എസ് തസ്തികനിർണയ മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കുക, ഹയർസെക്കൻഡറി കായികാധ്യാപക തസ്തിക അനുവദിച്ച് പ്രമോഷനും നിയമനവും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാധ്യാപകർ മേളയ്ക്കിടെ സമരംചെയ്തത്.
വെളിച്ചക്കുറവ്: പല മത്സരങ്ങളും പൂർത്തിയായില്ല
കുന്നംകുളം: മത്സരങ്ങൾ വൈകുകയും ഇരുട്ടുവീഴുകയും ചെയ്തതോടെ ആദ്യദിവസം മത്സരങ്ങൾ ആറരയോടെ അവസാനിപ്പിച്ചു. ഹർഡിൽസ് മത്സരങ്ങൾ പകുതിമാത്രമാണ് പൂർത്തിയായത്. മൊബൈൽ വെളിച്ചത്തിലാണു ഷോട്ട്പുട്ട് മത്സരങ്ങൾ നടന്നത്.

ഹർഡിൽസ് ബാക്കി മത്സരങ്ങളും മറ്റും രണ്ടാം ദിവസത്തേക്കു മാറ്റി. ഇതോടെ അനുബന്ധമത്സരങ്ങളെല്ലാം വൈകുകയാണ്. ജാവലിൻ ത്രോ, നടത്തമത്സരം എന്നിവയും ഇന്നലെ നടത്താനാവാതെ മാറ്റി.
സ്റ്റേഡിയത്തിലെ ആവശ്യമായ വെളിച്ചത്തിനന്റെ അപര്യാപ്തത കായികമേളയെ ശരിക്കും ബാധിച്ചു. സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിൽ മാത്രമാണ് ലൈറ്റുകൾ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ നേരത്തേ മത്സരത്തിനു തയാറായിനിന്ന നിരവധി വിദ്യാർഥികൾക്കു നിരാശരായി മടങ്ങേണ്ടിവന്നു.
എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
കുന്നംകുളം: സർക്കാർ ബോയ്സ് ഹൈസ്കൂൾ സീനിയർ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തൃശൂർ റവന്യൂ ജില്ലാ കായികമേളയ്ക്കു തുടക്കമിട്ട് ചാവക്കാട് ഡിഇഒ ടി. രാധ പതാക ഉയർത്തി.
തുടർന്നുനടന്ന സമ്മേളനം എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ ഡിഡിഇ പി.എം. ബാലകൃഷ്ണൻ, കുന്നംകുളം എഇഒ എ. മൊയ്തീൻ, വാർഡ് കൗൺസിലർ ബിജു സി. ബേബി, ആർഡിഡി ഡോ.ഡി.ജെ. സതീഷ്, സ്കൂൾ പ്രിൻസിപ്പൽ പി.ഐ. റസിയ തുടങ്ങിയവർ പങ്കെടുത്തു.
കാഴ്ചപരിമിതരുടെ ഓട്ടത്തോടെ ട്രാക്കുണർന്നു
കുന്നംകുളം: കാഴ്ചപരിമിതിയുള്ള അണ്ടർ 14, 14 വയസിനു മുകളിലുള്ള ആൺ- പെൺവിഭാഗം കുട്ടികളുടെ നൂറുമീറ്റർ ഓട്ടത്തോടെയാണ് റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്കു തുടക്കമായത്.

അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ വാടാനപ്പിള്ളി കെഎൻഎംവിഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥികളായ കെ.ഡി. ദിപിൻദേവ് സ്വർണം നേടി. സഹപാഠി വി.ആർ. ശ്രീഹരി ഗൈഡ് റണ്ണറായി.
അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ അന്തിക്കാട് ബിആർസിയിലെ എട്ടാംക്ലാസ് വിദ്യാർഥികളായ പി.എസ്. അഭിനന്ദ ഒന്നാമതെത്തി. പെരിങ്ങോട്ടുകര ജിഎച്ച്എസ്എസിലെ പ്രിയങ്ക പ്രതീഷ് ഗൈഡ് റണ്ണറായി.