വടക്കാഞ്ചേരി കോടതി സമുച്ചയം; സോയിൽ ടെസ്റ്റിംഗ് ടെൻഡറായി
1601028
Sunday, October 19, 2025 7:15 AM IST
വടക്കാഞ്ചേരി: പുതിയ കോടതി സമുച്ചയം നിർമാണത്തിന് മണ്ണുപരിശോധന നടത്തുന്നതിനായി നാലുലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സോയിൽ ടെസ്റ്റിംഗിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കത്തുനൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഭരണാനുമതി നൽകി ടെൻഡറായതോടെ മണ്ണുപരിശോധന ഉടനെ നടത്താനാകും.
അഞ്ചു നിലകളിലായി 68,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പിഡബ്ല്യുഡി. ആർക്കിടെക്ട് തയാറാക്കിയ പ്ലാൻ, ആർക്കിടെക്ചറൽ ഡ്രോയിംഗ് എന്നിവ കോടതിയുടെ പരിഗണനയിലാണ്. ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്നു കിട്ടിയ 63.6 സെന്റ് സ്ഥലത്താണ് കോടതി സമുച്ചയം നിർമിക്കുന്നത്.
ഒന്നരനൂറ്റാണ്ടുമുമ്പ് പ്രവർത്തനം ആരംഭിച്ചതും കുന്നംകുളം, തൃശൂർ, തലപ്പിള്ളി എന്നീ താലൂക്കുകളിലായി 73 വില്ലേജുകൾ, ആറു പോലീസ് സ്റ്റേഷനുകൾ, നാല് എക്സൈസ് റേഞ്ച് ഓഫീസുകൾ, മച്ചാട് - വടക്കാഞ്ചേരി റേഞ്ചുകളിലുള്ള ഫോറസ്റ്റ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ളതുമായ മുൻസിഫ് - മജിസ്ട്രേറ്റ് കോടതിയാണ് വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്നത്.
ഏറെ പഴക്കവും സ്ഥലപരിമിതിയുമുള്ള നിലവിലെ കെട്ടിടത്തിനു പകരമായി വിവിധ കോടതികൾക്ക് പ്രവർത്തിക്കാനുതകുന്നവിധം വിശാലമായ കോടതി സമുച്ചയം നിർമിക്കുക എന്നത് പ്രധാന വികസന ആവശ്യമായിക്കണ്ട് ശ്രമങ്ങൾ തുടരുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.