മംഗലശേരിയിൽ ജനസേവനസമുച്ചയം തുറന്നു
1600441
Friday, October 17, 2025 6:53 AM IST
കൊരട്ടി: വയോജന സായാഹ്ന വിശ്രമ കേന്ദ്രം, ഗ്രാമീണ വായനശാല, പോസ്റ്റ് ഓഫീസ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ഇരുനിലകളിലായി 14 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച പുതിയ കെട്ടിടസമുച്ചയം നാടിനു സമർപ്പിച്ചു.
ഓരോ വർഷവും നൂറുശതമാനം നികുതിപിരിവ് പൂർത്തിയാക്കുന്നതിന്റെ പേരിൽ മംഗലശേരി വാർഡിന് പഞ്ചായത്ത് നീക്കിവച്ച പാരിതോഷിക തുക ഉപയോഗപ്പെടുത്തിയാണ് വാർഡ് മെമ്പർ വർഗീസ് പയ്യപ്പിള്ളിയുടെ കരുതലിൽ പ്രധാന ജംഗ്ഷനിൽത്തന്നെ കെട്ടിടസമുച്ചയം നിർമിച്ചത്.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ് തു. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, ഗ്രേസി സ്കറിയ, പോൾസി ജിയോ, യുവ എഴുത്തുകാരി അലീന അനബെല്ലി, സിസ്റ്റർ ലിജ മരിയ, ഡോ. ബിജു ലോന, അലോഷ്യസ് തൈവീട്ടിൽ എന്നിവർ പ്രസം ഗിച്ചു.