കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവം; തെളിവെടുപ്പ് നടത്തി
1600475
Friday, October 17, 2025 7:17 AM IST
ഗുരുവായൂർ: കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ ആനക്ക് പാപ്പാൻമാരുടെ മർദ്ദനം ഏറ്റതിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് നടത്തി. ഭരണ സമിതി അംഗങ്ങളായ മനോജ് ബി.നായർ, കെ.പി.വിശ്വനാഥൻ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
ആനക്കോട്ടയിൽ എത്തി പരിശോധനകൾക്ക് ശേഷം കമ്മീഷൻ അംഗങ്ങൾ ദേവസ്വം കോൺഫറൻസ് ഹാളിൽ ആരോപണ വിധേയരായ പാപ്പാൻമാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഡോ. ചാരുജിത് നാരായണനോട് ചികിത്സാ വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അടുത്ത ഭരണ സമിതി യോഗത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും.
ആനകൾക്ക് ചികിത്സകൾക്ക് ആവശ്യമായ അത്യാധുനിക പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്, ആനക്കോട്ടയിൽ കാമറ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കമ്മീഷൻ ഭരണസമിതിക്ക് ശുപാർശ നൽകും.
രണ്ടാം പാപ്പാനെതിരേ കേസെടുത്തു
ഗുരുവായൂർ: കൊമ്പൻ ഗോകുലിന്റെ രണ്ടാം പാപ്പാൻ ജി.ഗോകുലിനെതിരേ വനംവകുപ്പ് കേസെടുത്തു. ഗോകുലിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടാം പാപ്പാനേയും മൂന്നാംപാപ്പാനേയും ദേവസ്വം നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.