മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തനം കാര്യക്ഷമമാക്കാൻ നഗരസഭ
1601014
Sunday, October 19, 2025 7:15 AM IST
ചാലക്കുടി: നഗരസഭയുടെ മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭൗമ എൻവിറോടെക് എന്ന സ്ഥാപനവുമായി കരാറിൽ ഏർപ്പെടാൻ കൗൺസിൽ തീരുമാനിച്ചു. സംസ്ഥാനത്ത് ആദ്യമായി നഗരസഭ നടപ്പിലാക്കിയ പദ്ധതിയുടെ പ്രവർത്തനം ഇതുവരെ കമ്പനിയുടെ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലുമാണ് നടത്തിയത്.
ട്രീറ്റ്മെന്റിന്റെ ഭാഗമായി ലഭിക്കുന്ന ഫീസ് നഗരസഭയ്ക്കാണു ലഭ്യമായിരുന്നത്. സർക്കാർ നിർദേശിച്ച ഒരു മോഡൽ പദ്ധതി എന്ന നിലയിൽ 50 ലക്ഷം രൂപ ചിലവിൽ വാഹനമുൾപ്പടെ പദ്ധതി സംസ്ഥാനത്ത് ആദ്യമായി ചാലക്കുടി നഗരസഭ നടപ്പിലാക്കിയതിന്റെ ഭാഗമായാണ്, ഇത്രയും കാലം കമ്പനി തന്നെ ഇതിന്റെ തുടർപ്രവർത്തച്ചെലവുകൾ വഹിച്ചത്.
തുടർന്നുള്ള പ്രവർത്തനത്തിനു കമ്പനിയുമായി 1.75 ലക്ഷം പ്രതിമാസം കമ്പനിക്ക് നൽകും വിധം മാസത്തിൽ 26 ദിവസം പ്രവർത്തിക്കണമെന്ന വ്യവസ്ഥയിൽ മൂന്നുമാസത്തേക്ക് എഗ്രിമെന്റ് വയ്ക്കാൻ തീരുമാനിച്ചു. നഗരസഭ തൊഴിലാളികൾക്ക് കമ്പനി സൗജന്യമായി പരിശീലനം നൽകാനും നിർദേശിച്ചു. ഉപയോഗത്തിന് നിലവിൽ നഗരസഭ നിശ്ചയിച്ച നിരക്കിൽ വർധനവ് വരുത്തേണ്ടെന്നും നഗരസഭയ്ക്ക് പുറത്തുനിന്നുള്ള പ്രവൃത്തിക്ക് ദൂരപരിധിക്ക് അനുസരിച്ചത് നിരക്കുവാങ്ങാനും തീരുമാനിച്ചു.
പോട്ട പനമ്പിള്ളി കോളജിനുസമീപം ഐനിക്കുന്നിലെ മണ്ണിടിച്ചിൽ ഭീഷണി പൂർണമായും ഒഴിവാക്കുന്നതിന് അടിയന്തര ഉത്തരവ് ഉണ്ടാകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. നഗരസഭയിലെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് എക്കോഗ്രീൻ എന്നകമ്പനിയു മായി കരാർ പുതുക്കാൻ തീരുമാനിച്ചു. ചെയർപേഴ്സൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.
രാഷ്ടീയനാടകം: ഷിബു വാലപ്പൻ
നഗരസഭയിൽ തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സാസഹായം ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപോർട്ട് ലഭിച്ചാൽ ഉടൻ നൽകും. നിലവിൽ ഒരു തദ്ദേശ സ്ഥാപനവും നേരിട്ട് അപേക്ഷ സ്വീകരിച്ച്, തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകിയിട്ടില്ല.
കോടതി നിശ്ചയിച്ച കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മുൻകാലത്ത് ചില സ്ഥാപനങ്ങൾ ധനസഹായം നൽകിയിട്ടുള്ളത്. നഗരസഭയിലും ആദ്യമായാണ് ഇത്തരം ഘട്ടത്തിൽ ധനസഹായം നൽകാൻ കൗൺസിൽ തീരുമാനിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ മേലധികാരികളിൽനിന്നുംആരോഗ്യ വകുപ്പിൽ നിന്നും അനുവാദം ലഭ്യമാക്കാൻ ശ്രമിക്കുന്നതു സ്വാഭാവികമാണ്. ഇതിന്റെ ഭാഗമായാണ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ചികിത്സാ ചെലവിൽ ഒരാൾക്ക് ഒരു ലക്ഷത്തിൽ അധികമാണ് നൽകാനുള്ളത്. ആശുപത്രി സൂപ്രണ്ട് ഇക്കാര്യത്തിൽ ആവശ്യമായ നിർദേശത്തിനായ് ജില്ലാ മെഡിക്കൽ ഓഫീസറോട് അഭിപ്രായം തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ധനസഹായം നൽകും. ഇക്കാര്യത്തിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധനാടകം തെരഞ്ഞെടുപ്പുമുന്നിൽ കണ്ട് തെറ്റിധാരണ പരത്താനാണെന്ന് ചെയർപേഴ്സൺ കുറ്റപ്പെടുത്തി.
പ്രതിപക്ഷം വിയോജിച്ചു
പ്രവര്‍ത്തിപ്പിക്കാത്ത മൊബൈല്‍ എഫ്എസ്ടിപി(എംടിയു)തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ 1,75,000 രൂപ പ്രതിമാസ വാടക ഭൗമ എന്വിറോടെക്സ് എന്ന സ്ഥാപനത്തിന് നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
മൊബൈല്യൂണിറ്റ് ചാലക്കുടിയില്‍ വന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പൊതുജനത്തിന് ഉപകാരപ്പെടുംവിധം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാ ത്ത ഏജന്‍സിയാണ് ഭൗമ എന്‍വിറോടെക് എന്നും പ്രതിപക്ഷം ആരോപിച്ചു.
സി.എസ്. സുരേഷ്, ബിജി സദാനന്ദന്, വി.ജെ. ജോജി, കെ.എസ്. സുനോജ്, ബിന്ദു ശശികുമാര്‍, ഷൈജ സുനില്‍, ലില്ലി ജോസ്, ബിന്ദു ശശികുമാര്‍, ടി.ഡി. എലിസബത്ത് എന്നിവരാണു വിയോജിപ്പ് രേഖപ്പെടുത്തിയത്. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് വാഹനം വാങ്ങുന്നതിന് പണം ലഭ്യമായിട്ടും വാഹനം വാങ്ങി നല്‍കാത്തതിലും മേയ് 16 ന് തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തതില്‍ പ്രതി പക്ഷാവശ്യത്തെ തുടര്‍ന്ന് ഇവര്‍ക്ക് ചികിത്സയുടെ ഭാഗമായി ചെലവുവന്ന തുക അനുവദിച്ച് നല്കാന് കൗണ്‍സില്‍ തീരുമാനമെടുത്തിട്ട് മൂന്നുമാസം പിന്നിട്ടിട്ടും സഹായം നല്‍കാത്തതില്‍ പ്രതിഷേധിച്ചും പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ ധര്‍ണ നടത്തി.