കൊട്ടേക്കാട് ഫാത്തിമനാഥയുടെ തിരുനാള്‍ 18, 19 തീയതികളില്‍
1600480
Friday, October 17, 2025 7:17 AM IST
കൊട്ടേക്കാട്: പ്രസിദ്ധ മരിയന്‍ തീര്‍ഥകേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷന്‍ ഫൊറോന പള്ളിയിലെ പരിശുദ്ധ ഫാത്തിമനാഥയുടെ തിരുനാള്‍ നാളെയും മറ്റന്നാളും ആഘോഷിക്കും. ആനപ്പുറത്തെ കുടമാറ്റം മിനിപൂരമാക്കുന്ന തിരുനാളാഘോഷമാണിത്. പുഷ്പാലംകൃതമായ കപ്പേളയും ദീപാലംകൃതമാകുന്ന നവദേവാലയവും കേന്ദ്രീകരിച്ചുള്ള ജപമാലപ്രദക്ഷിണത്തിലും നൊവേനയിലും കൂടുതല്‍ ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.
1025-ാംവാര്‍ഷികം ആഘോഷിക്കുന്ന പള്ളിയിൽ നിര്‍ധന ഡയാലിസിസ് രോഗികള്‍ക്ക് 1025 ഡയാലിസിസിനുള്ള ചികിത്സാസഹായം അടക്കമുള്ള ജീവകാരുണ്യപ്രവര്ത്തനങ്ങളോടെയാണ് തിരുനാൾ ആഘോഷിക്കുക.
ഇന്നു രാത്രി 7.30 നു ദീപാലങ്കാരം സ്വിച്ച്ഓണ്‍ കര്‍മം വിയ്യൂര്‍ എസ്എച്ച്ഒ കെ.പി. മിഥുന് നിര്‍വഹിക്കും. നാളെ വൈകീട്ട് 5.30നു ദിവ്യബലിക്കുശേഷം ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ കൂടുതുറക്കൽകർമം നിര്‍വഹിക്കും.
19 നു രാവിലെ 5.30, 6.30, 8.30 വിശുദ്ധ കുര്‍ബാന. 10 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. ഡേവിസ് പുലിക്കോട്ടില്‍ (സീനിയര്‍) മുഖ്യകാർമികനാകും. കപ്പൂച്ചിന്‍ സഭ പ്രൊവിന്‍ഷ്യൽ ഫാ. ജെയ്സന് കാളന് സന്ദേശം നല്‍കും.
ഉച്ചകഴിഞ്ഞു മൂന്നിനു കിഴക്കുപടിഞ്ഞാറ് ഭാഗക്കാരുടെ കിരീടമെഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് ആറിന് ഫാത്തിമ ഗ്രൗണ്ടില്‍ ആനപ്പുറത്തു കുടമാറ്റം ഉണ്ടായിരിക്കും. രാത്രി തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കൂനംപ്ലാക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 7.30ന് പരിശുദ്ധ ഫാത്തിമനാഥയുടെ തിരുസ്വരൂപം പല്ലക്കില്‍ വഹിച്ചുള്ള തിരിപ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും.
ഫാത്തിമായില്നിന്നുള്ള തിരുശേഷിപ്പ് വണങ്ങാന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി എട്ടുമുതലും ഞായറാഴ്ച ദിവ്യബലിക്കുശേഷവും സൗകര്യമൊരുക്കിയിട്ടുണ്ട്. 26 നാണ് എട്ടാമിടം.
പത്രസമ്മേളനത്തില്‍ വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ജോബി മുണ്ടാടന്‍, ട്രസ്റ്റി ജോണ്സന് മുരിയാടന്‍, കണ്‍വീനര്‍മാരായ സി.എല്‍. ഇഗ്നേഷ്യസ്, ലാന്റോ കോളെങ്ങാടന്‍ എന്നിവർ പങ്കെടുത്തു.