മോഷ്ടാവ് തട്ടിയെടുത്ത പണം തിരികെനല്കി വ്യാപാരികളുടെ സാന്ത്വനം
1599788
Wednesday, October 15, 2025 1:14 AM IST
ചാലക്കുടി: മോഷ്ടാവ് തട്ടിക്കൊണ്ടുപോയ പണം ലോട്ടറി വില്പനക്കാരന് നൽകി വ്യാപാരികളുടെ സാന്ത്വനം. മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികളാണു പ്രവൃത്തിയിലൂടെ മാതൃകയായത്. ബസ് സ്റ്റാൻഡിലെ ലോട്ടറി വില്പനക്കാരനായ കെ.കെ. ഷാജുവിനാണ് നഷ്ടപ്പെട്ട പണമായ 20,000 രൂപ നൽകിയത്.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് ടെനന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഷാജുവിന് പണം നൽകിയത്. കഴിഞ്ഞ 29-നായിരുന്നു സംഭവം. ലോട്ടറിവില്പനക്കായി രാവിലെ എത്തിയപ്പോഴാണ് മോഷ്ടാവ് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിയത്. അംഗപരിമിതനായ ഷാജു മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും പിടികിട്ടിയില്ല. പോലിസിൽ പരാതി നൽകിയെങ്കിലും മോഷ്ടാവിനെ പിടികൂടിയിട്ടില്ല. ലോട്ടറി വില്പനക്കാരൻന്റെ പരിതാപകരമായ അവസ്ഥ കണ്ടാണ് അസോസിയേഷൻ അംഗങ്ങൾ ചേർന്ന് ആ തുക സമാഹരിച്ചുനൽകിയത്.
ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഷിബു വാലപ്പൻ ഷൈജുവിന് തുക കൈമാറി. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.എൻ. അഖിലേശൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ്്സ്് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, അസോസിയേഷൻ സെക്രട്ടറി സന്തോഷ് കുര്യൻ, പി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.