കയ്പമംഗലം ബസ് സ്റ്റാൻഡിന് ഉമ്മൻചാണ്ടിയുടെ പേര്; എൽഡിഎഫ് പ്രതിഷേധസംഗമം
1598997
Sunday, October 12, 2025 12:40 AM IST
മൂന്നുപീടിക: കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിർമാണം പൂർത്തിയാക്കിയ മൂന്നുപീടികയിലെ ബസ് സ്റ്റാൻഡിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുനൽകാനുള്ള യുഡിഎഫ് ഭരണസമിതിയുടെ നീക്കത്തിനെതിരേ എൽഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധസംഗമം നടത്തി.
സിപിഎം ഏരിയ സെക്രട്ടറി എം.എ. ഹാരിസ്ബാബു ഉദ്ഘാടനംചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ഇ.ആർ. ജോഷി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, സിപിഎം ലോക്കൽ സെക്രട്ടറി അഡ്വ. വി.കെ. ജ്യോതിപ്രകാശ്, സിപിഐ മണ്ഡലം കമ്മറ്റി അംഗം എം.ഡി. സുരേഷ്, ടി.വി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
സമീപപ്രദേശങ്ങളിലെ ബസ് സ്റ്റാൻഡുകളെല്ലാം അറിയപ്പെടുന്നത് അതാത് പ്രദേശങ്ങളുടെ പേരിലാണെന്നിരിക്കെ കയ്പമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി കഴിയാൻ കുറച്ച് ദിവസങ്ങൾമാത്രം ബാക്കിയുള്ളപ്പോൾ ഇങ്ങനെ ഒരു പേരിടൽ മാമാങ്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
മുൻ എംഎൽ എ വി.എസ്. സുനിൽകുമാറിന്റെ എൽഎൽഎ ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തി നിർമിച്ച ബസ് സ്റ്റാൻഡിന്റെ നിർമാണത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ല എന്നതാണ് വസ്തുതയെന്നും ഇടതുപക്ഷ ഭാരവാഹികൾ പറഞ്ഞു.