വീണ്ടും ആളിക്കത്തും ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം
1599243
Monday, October 13, 2025 1:18 AM IST
തൃശൂർ: കനൽകെടാതെ കിടന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വീണ്ടും ആളിക്കത്തുന്നു. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ കേസിൽ 2023ൽ സമൻസ് അയച്ച വിവരം പുറത്തുവന്നതോ ടെയാണ് വീണ്ടും ലൈഫ് മിഷൻ കേസ് ചൂടുപിടിക്കുന്നത്.
തെരഞ്ഞെടുപ്പുസമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ലൈഫ് മിഷൻ കേസ് പിന്നീട് ആരും ഏറ്റുപിടിച്ചിരുന്നില്ല. മുൻ എംഎൽഎ അനിൽ അക്കര മാത്രമാണ് ലൈഫ് മിഷൻ കേസിനു പിന്നാലെ സജീവമായി നിന്നിരുന്നത്.
2023 ഫെബ്രുവരി 14നു രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊ ച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചുള്ള സമൻസിൽ അന്നു മുഖ്യമന്ത്രിയുടെ മകൻ ഹാജരായിരുന്നില്ല. ലൈഫ് മിഷൻ കേസ് വിവാദം കേരളത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
കോടികളുടെ കമ്മീഷൻ ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടിൽ നടന്നെന്നു തെളിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകൻ ഇഡിക്കുമുന്നിൽ ഹാജരാകാതിരുന്ന സംഭവത്തിൽ തുടർനടപടികളൊന്നുമുണ്ടായില്ലെന്നാണ് വിവരം. ഇക്കാര്യങ്ങൾ പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധപരിപാടികൾക്കു പ്രതിപക്ഷം രൂപംനൽകുന്നുണ്ട്.
വടക്കാഞ്ചേരിയിൽ നൂറിലേറെ കുടുംബങ്ങൾക്കായി വിഭാവനംചെയ്ത ലൈഫ് മിഷന്റെ ഫ്ലാറ്റ് സമുച്ചയം ഇപ്പോൾ കാടുംപടലും പിടിച്ച് ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്.
മുൻ ചീഫ് സെക്രട്ടറി എം. ശിവശങ്കറും സ്വപ്ന സുരേഷുമൊക്കെ ഉൾപ്പെട്ട ലൈഫ് മിഷൻ കേസ് രാഷ്ട്രീയകേരളത്തെ ഏറെ പിടിച്ചുലച്ച വിവാദമായിരുന്നു. കേന്ദ്ര ഏജൻസികളും സംസ്ഥാന വിജിലൻസുമൊക്കെ ഈ കേസിൽ അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഫ്ലാറ്റ് നിർമാണം മുന്നോട്ടുപോയില്ലെങ്കിലും ലൈഫ് മിഷൻ ഫ്ലാറ്റിന്റെ പേരിലുള്ള വിവാദങ്ങൾ വീണ്ടും ആളിക്കത്തുമെന്ന സൂചനയാണുള്ളത്.