കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി; 50 സെന്റ്് ഭൂമി അനുവദിച്ചു
1599249
Monday, October 13, 2025 1:18 AM IST
മൂന്നുമുറി: മറ്റത്തൂരിലെ നിർദ്ദിഷ്ട കുഞ്ഞാലിപ്പാറ ഇക്കോടൂറിസം പദ്ധതിക്കായി 50 സെന്റ് ഭൂമി അനുവദിച്ചുകൊണ്ട് ജില്ല കളക്ടർ ഉത്തരവിറക്കിയതായി കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചു.
മറ്റത്തൂർ പഞ്ചായത്തിലെ ഒമ്പതുങ്ങൽ പ്രദേശത്ത് കോടശേരി വില്ലേജിൽ സർവേ നമ്പർ 951 ൽ പെട്ട 50 സെന്റ് ഭൂമിയാണ് പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കൈമാറാൻ ഉത്തരവായിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിക്ഷിപ്തമായിരിക്കും.
ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ഡെസ്റ്റിനേഷന്‍ ചാലഞ്ചിലുള്പ്പെടുത്തി മറ്റത്തൂർ ഗ്രാമപഞ്ചായത്തും ഡിടിപിസിയും സംയുക്തമായാണ് കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒാഗസ്റ്റിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ചിരുന്നു.
ഒരു കോടിരൂപയോളം ചെലവുവരുന്ന പദ്ധതിയുടെ കരടുരൂപം ഡിടിപിസി തയ്യാറാക്കി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഭൂമി അനുവദിച്ചുകൊണ്ട് നടപടി ഉണ്ടായത്. പ്രവേശന കവാടം, പാർക്കിംഗ് സൗകര്യം, കഫ്ത്തീരിയ, ടോയലറ്റ് ബ്ലോക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ ഇവിടെ ഒരുക്കുക. ഏറെക്കാലമായി മറ്റത്തൂരിലെ ജനങ്ങള്‍ കാത്തിരിക്കുന്ന സ്വപ്നപദ്ധതിയാണ് കുഞ്ഞാലിപാറ ടൂറിസം.