അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണച്ചടങ്ങുകൾ ഇന്ന് സമാപിക്കും
1599231
Monday, October 13, 2025 1:18 AM IST
ചൊവ്വന്നൂർ: സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിൽ ധന്യൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 69-ാം ശ്രാദ്ധാചരണം ഇന്ന് സമാപിക്കും.
പറപ്പൂർ ഫൊറോന പള്ളി സഹവികാരി ഫാ. ക്രിസ്റ്റോ മഞ്ഞളിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്നലെ രാവിലെ ചൊവ്വന്നൂർ സെന്റ് തോമസ് ദേവാലയത്തിൽ എത്തിച്ചേർന്നു. വികാരി ഫാ. തോമസ് ചൂണ്ടലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കുർബാനയും വൈകിട്ട് ആഘോഷമായ റാസയും നടന്നു. ഫാ. ബെന്നി കിടങ്ങൻ മുഖ്യകാർമികത്വംവഹിച്ചു.
ശ്രാദ്ധദിനമായ ഇന്നു പത്തുമണിയോടെ വിവിധ മേഖലകളിൽനിന്നുള്ള പദയാത്രകൾ ചൊവ്വന്നൂർ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമാസ് തറയിൽ മുഖ്യകാർമികത്വംവഹിക്കും തുടർന്ന് കബറിടത്തിൽ പുഷ്പാർച്ചന, നേർച്ച ഊട്ട്, നവജാത ശിശുക്കൾക്ക് ചോറൂണ് എന്നിവയുമുണ്ടാകും.
ശ്രാദ്ധാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടാകും.
പള്ളി വികാരി ഫാ. തോമസ് ചൂണ്ടൽ, ചാരിറ്റി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റിൻസി, കൈക്കാരന്മാരായ ടി.ഐ. ജോസ്, പി.വി. ജോജി, സി.എൽ. ടാബു, പോൾ മണ്ടുംപാൽ, ജനറൽ കൺവീനർ എം.വി. വിൽസൻ എന്നിവർ നേതൃത്വം നൽകും.