ചാലക്കുടി നഗരസഭ നാട്ടുചന്ത ആരംഭിക്കുന്നു
1599247
Monday, October 13, 2025 1:18 AM IST
ചാലക്കുടി: നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്റെ നേതൃത്വത്തിൽ നാട്ടുചന്ത ആരംഭിക്കുന്നു. കർഷകർക്ക് അവരുടെ കാർഷിക ഉത്പ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുന്നതിനുള്ള സൗകര്യമാണ് നാട്ടുചന്തയിൽ ഉണ്ടായിരിക്കുക.
നഗരസഭ ഓഫീസിനോട് ചേർന്ന് കൃഷിഭവന്റെ മുൻഭാഗത്താണ് നാട്ടുചന്തയ്ക്ക് സൗകര്യം ഏർപ്പെടുത്തുന്നത്. എല്ലാ ആഴ്ചകളിലും ബുധനാഴ്ച ദിവസം രാവിലെ മുതൽ നാട്ടുചന്ത പ്രവർത്തിക്കും. കർഷകർക്ക് അവരുടെ കാർഷിക ഉത്പന്നങ്ങൾ ഇവിടെ കൊണ്ടുവന്ന് സ്വന്തം ഉത്തരവാദിത്വത്തിൽ വിൽപ്പന നടത്താൻ സൗകര്യം ഉണ്ടാകും. ഇടനിലക്കാർ ഇല്ലാത്തതിനാൽ പരമാവധി വിലകുറച്ച് ഉത്പ്പന്നങ്ങൾ ആവശ്യക്കാർക്ക് ഇവിടെ നിന്നും ലഭ്യമാകും.
നാട്ടുചന്തയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഇവിടെ ഒരുക്കും. 15ന് നാട്ടുചന്ത സനീഷ്കുമാർ ജോസഫ് എംഎൽ എ ഉദ്്ഘാടനം ചെയ്യും.
നഗരസഭയുടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയും കൃഷിഭവന്റെ കീഴിലുള്ള കാർഷിക വികസന സമിതിയും നാട്ടുചന്തയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഇതു സംബന്ധിച്ച് നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, പാർലമെന്ററി പാർട്ടിലീഡർ ബിജു എസ് ചിറയത്ത്, കാർഷിക വികസന സമിതി അംഗങ്ങളായ പോൾ പുല്ലൻ, പോൾ ടി കുര്യൻ, ഉഷ പരമേശ്വരൻ, ടി.ജെ. പോൾ, ജോസ് ജെ. പൈനാടത്ത്, ശിവരാമൻ തുമ്പരത്തി, എം.കെ. ചന്ദ്രൻ, കൃഷി വികസന ഓഫീസർ തോമസ് എന്നിവർ പ്രസംഗിച്ചു.