സംവരണവാർഡ് നറുക്കെടുപ്പ് ഇന്നുമുതൽ
1599238
Monday, October 13, 2025 1:18 AM IST
നെഞ്ചിടിപ്പുമായി മുന്നണികൾ
സ്വന്തം ലേഖകൻ
തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണസീറ്റുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നുമുതൽ. നെഞ്ചിടിപ്പോടെ സ്ഥാനാർഥിമോഹികൾ. 2015, 2020 വർഷങ്ങളിൽ തുടർച്ചയായി സംവരണമായ വാർഡുകൾ സ്വാഭാവികമായും ഇത്തവണ ജനറൽ വാർഡുകളായി മാറും. വിഭജനത്തോടെ നിലവിൽവന്ന പുതിയ വാർഡുകളിൽ മുന്പുണ്ടായിരുന്ന വാർഡുകളിലെ 50 ശതമാനം ജനസംഖ്യയുണ്ടെങ്കിൽ അതു നിലവിലുള്ള സംവരണവാർഡായി കണക്കാക്കും.
കോർപറേഷൻ, മുനിസിപ്പാലിറ്റി സീറ്റുകളിൽ കണ്ണുവച്ചാണു കൂടുതൽപേർ രംഗത്തുള്ളത്. പഞ്ചായത്ത് വാർഡുകളിൽ കാര്യമായ തള്ളിക്കയറ്റം ഉണ്ടാകാറില്ലെങ്കിലും ഇക്കുറി മാറ്റമുണ്ടാകുമെന്നു കരുതുന്നു. മത്സരിക്കാൻ താത്പരരായി സ്ത്രീകളടക്കം മുന്നോട്ടുവന്നിട്ടുണ്ട്. കിലയടക്കമുള്ള സ്ഥാപനങ്ങൾ ഇവർക്കു മുൻകൂർ പരിശീലനവും നൽകുന്നുണ്ട്.
ഭൂരിഭാഗം പഞ്ചായത്തുകളിലും വാർഡുകളിലെ എണ്ണത്തിൽ വർധനയുണ്ട്. തൃശൂർ കോർപറേഷനിൽ 56 ഡിവിഷനുകളുണ്ട്. പഴയ ഡിവിഷനുകളുടെ നന്പറുകളും മാറി. പള്ളിക്കുളമടക്കമുള്ള ഡിവിഷനുകൾ ഇല്ലാതായി. പുതിയ പട്ടിക വന്നപ്പോൾ അതിർത്തികളിൽ മാറ്റമുണ്ടായെങ്കിലും ആദ്യ ഒൻപതു ഡിവിഷനുകളുടെ പേരിലും നന്പറിലും മാറ്റമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാന്ദികുറിക്കുന്ന പോരാട്ടമായതിനാൽ നറുക്കെടുപ്പ് കഴിയുന്നതോടെ മുന്നണികൾക്കു തന്ത്രങ്ങൾ മാറ്റിപ്പിടിക്കേണ്ടിവരും. സ്ഥാനാർഥികളെ ഉയർത്തിക്കാട്ടിയുള്ള നീക്കങ്ങൾ നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്കു ആരംഭിക്കാണ് ഇടതുവലതു മുന്നണികളുടെയും എൻഡിഎയുടെയും നീക്കം.
ഇന്നുമുതൽ 21 വരെ തൃശൂർ കളക്ടറേറ്റിലാണു ബ്ലോക്കുകളിലേക്കും പഞ്ചായത്ത് അടിസ്ഥാനത്തിലുമുള്ള നറുക്കെടുപ്പ് ആരംഭിക്കുക. ചാവക്കാട്, വടക്കാഞ്ചേരി, പുഴയ്ക്കൽ, മാള എന്നീ ബ്ലോക്കുകൾക്കു കീഴിലുള്ള പഞ്ചായത്തുകളിൽ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്നുനടക്കും. ചൊവ്വന്നൂർ, പഴയന്നൂർ, മുല്ലശേരി, കൊടകര ബ്ലോക്കുകളിലേക്കു നാളെയും തളിക്കുളം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട - 15നും വെള്ളാങ്കല്ലൂർ, ചാലക്കുടി, ഒല്ലൂക്കര, മതിലകം - 16നും നടക്കും.
എല്ലാ ബ്ലോക്കുകളിലുമുള്ള വാർഡുകളിലേക്ക് 18നും തൃശൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള നറുക്കെടുപ്പ് 21നും നടക്കും. തൃശൂർ കോർപറേഷനിലേക്കുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് 18ന് കൊച്ചിയിലും നടക്കും.