പാക്കനാർസംഘം കൊരട്ടി പള്ളിയിൽ
1599250
Monday, October 13, 2025 1:18 AM IST
കൊരട്ടി: വൃതമെടുത്തും വിശ്വാസങ്ങൾക്കൊപ്പം പൈതൃക സ്മരണകൾ നെഞ്ചേറ്റിയും ആചാരപെരുമയോടെ പാക്കനാർ സംഘം കൊരട്ടി പള്ളിയിലെത്തി. പ്രധാന തിരുനാൾ ദിനമായ ഇന്നലെ നാല് അങ്ങാടി ചുറ്റിനടന്ന പ്രദക്ഷിണത്തിനോടനുബന്ധിച്ച് ഹൈന്ദവ ഭക്തന്മാർ നടത്തിയ വാദ്യമേളങ്ങളും മുടിയാട്ടവും ശ്രദ്ധേയമായി.
ആറ്റപ്പാടത്തെ സമുദായ ക്ഷേത്രത്തില്‍ നിന്നും 26 കുടുംബങ്ങള്‍ തിരുനാള്‍ ദിവസം നടത്തുന്ന നേര്‍ച്ചയാണ് ഈ ആചാരം. മുടിയാട്ടവും താളമേളങ്ങളുമായി വ്രതം നോറ്റ സംഘം കാല്‍നടയായി കിഴക്കെ കപ്പേളക്ക് സമീപം ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. സ്ത്രീകളുടെ മുടിയാട്ടം അടക്കമുള്ള നാടന്‍ കലാരൂപങ്ങളും ഇവർ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന വിശ്വാസത്തിന്റെ ഭാഗമാണ്. മൂന്നു കിലോമീറ്റര്‍ അകലെയുള്ള വെളുത്തുപറമ്പില്‍ ഭദ്രകാളി മുത്തപ്പന് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട പറക്കൊട്ടിന് യാത്രയില്‍ പലയിടത്തും വരവേല്പ്പുണ്ടായി.
പ്രദക്ഷിണം ദേവാലയത്തിലെത്തിയ ശേഷം തിരുനടയിൽ പറ നിറച്ചും വർഷംതോറും ലഭിക്കുന്ന ദക്ഷിണയും വാങ്ങിയായിരുന്നു ഇവരുടെ മടക്കം. കൊച്ചി രാജാക്കളുടെ ഭരണക്കാലത്ത് പ്രദേശത്തിന്റെ ചുമതല പറക്കാട്ടി തമ്പുരാട്ടിക്കായിരുന്നുവെന്നും കോടശേരി കര്‍ത്താക്കള്‍ പടയുമായി എത്തിയപ്പോള്‍ പാക്കനാരാണ് തമ്പുരാട്ടിക്ക് അഭയം നല്‍കിയതെന്നും വിശ്വസിക്കുന്നു.
ഇതിനു പ്രത്യുപകാരമായി പാക്കനാര്‍ വംശത്തിന് നല്കിയ ഭൂമിയിലാണ് ക്ഷേത്രം സ്ഥാപിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ആരാധനാ കേന്ദ്രമായ കൊരട്ടി പള്ളിയിലേക്ക് എല്ലാവര്‍ഷവും ഇത്തരം സമര്‍പ്പണവും തുടങ്ങി. പറക്കൊട്ട് വഴിപാട് കാലങ്ങളായി തുടർന്ന് വരുന്ന ആചാരമാണ്.