പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്
1598984
Sunday, October 12, 2025 12:39 AM IST
തൃശൂര്‍: പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിൾ ഡെക്കർ അനുവദിച്ചത്. സുവോളജിക്കൽ പാർക്കിനകത്തു മിനി ബസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന യോഗത്തിലും മന്ത്രി കെ. രാജൻ ഗതാഗതമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഒന്നരക്കോടി രൂപയുടെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസാണ് തൃശൂരിലേക്ക് അനുവദിക്കുന്നതെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. തൃശൂർ നഗരക്കാഴ്ചകൾ എന്ന പേരിലാണ് തൃശൂരിൽ ബസ് സർവീസ് നടത്തുക.
നഗരത്തിൽനിന്നു യാത്ര ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി പുത്തൂർ സുവോളജിക്കൽ പാർക്കിനുള്ളിൽ ചുറ്റി നഗരത്തിൽ സമാപിക്കുന്ന രീതിയിലായിരിക്കും യാത്ര. മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടതുപോലെ അടിയന്തരമായി ഡബിൾ ഡെക്കർ അനുവദിക്കുന്നതിനു കെഎസ്ആർടിസി എംഡിക്കു മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി.
തുറന്ന ഡബിൾ ഡെക്കർ ബസിന്റെ വരവോടെ പാർക്കിലേക്കും തൃശൂരിലേക്കുമുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണു പ്രതീക്ഷ.