വായനയുടെ പുതുവസന്തംതീർക്കാൻ ഗുരുവായൂർ എൽഎഫ് കോളജിൽ ഹൈടെക് വായനശാല തുറന്നു
1598987
Sunday, October 12, 2025 12:39 AM IST
ഗുരുവായൂർ: വായനയുടെ പുതുവസന്തം തീർക്കാൻ എൽഎഫ് കോളജിലെ ഹൈടെക് വായനശാല തുറന്നുനൽകി. അക്കാദമികവും ഗവേഷണപരവുമായ വളർച്ചയെ ലക്ഷ്യമാക്കി രൂപകല്പന ചെയ്ത വായനശാല ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വായനക്കാർക്കു തുറന്നുകൊടുത്തു. വയലാർ അവാർഡ് ജേതാവായ ഇ. സന്തോഷ്കുമാർ മുഖ്യാതിഥിയായി. കോളജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ അധ്യക്ഷത വഹിച്ചു.
ആശുപത്രികളിൽ വായനയ്ക്കായി ആരംഭിക്കുന്ന ലൈബ്രറി @ ഹോസ്പിറ്റൽസ് എന്ന പദ്ധതി ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസും ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്തുംചേർന്ന് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസി, ലൈബ്രറിയുടെ ആർക്കിടെക്ട് റവ.ഡോ. ജോൺ നീലങ്കാവിൽ, ഗ്രന്ഥശാലപ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി.എൻ. പണിക്കരുടെ കൊച്ചുമകൻ ക്യാപ്റ്റൻ രാജീവ് നായർ, മുൻ മാനേജർ സിസ്റ്റർ എം.എ. മേരി, മുൻ പ്രിൻസിപ്പൽ സിസ്റ്റർ എം.എ. വൽസ എന്നിവർ പ്രസംഗിച്ചു.
30,000 ചതുരശ്ര അടിയിൽ മൂന്നുനിലകളിലായി 70000ത്തിലേറെ പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഒരുക്കിയിട്ടുള്ളത്. വായനയ്ക്കും ചർച്ചകൾക്കുമായി ഗാർഡൻ ലൈബ്രറിയും സ്ഥാപിച്ചിട്ടുണ്ട്.