പള്ളികളിൽ തിരുനാള്‍ ഭക്തിസാന്ദ്രം
1599234
Monday, October 13, 2025 1:18 AM IST
ഒരുമനയൂർ പള്ളി
ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി. പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
രാവിലെ ജപമാല, വിശുദ്ധ കുർബാന എന്നിവ നടന്നു. തുടർന്നുനടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ചേറൂർ ക്രൈസ്റ്റ് വില്ല ഡയറക്ടർ ഫാ. സാജൻ വടക്കൻ മുഖ്യകാർമികത്വം വഹിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശംനൽകി. രാത്രി അമ്പ്, വള എഴുന്നള്ളിപ്പുകളുടെ സമാപനവും വർണമഴയും ഉണ്ടായിരുന്നു. വികാരി ഫാ. ജോവി കുണ്ടുകുളങ്ങര, ഫാ. ജയിംസ് വടക്കൂട്ട്, ജനറൽ കൺവീനർ ഇ.പി. കുരിയാക്കോസ്, ട്രസ്റ്റിമാരായ ഇ.എഫ്, ജോസഫ്, റോസി ജോസഫ്, സാജി ടോണി, കൺവീനർമാരായ ഷെൽനോവ് എബ്രഹാം, കെ.ജെ. ചാക്കോ, ഇ.കെ. ജോസ്, ജോഷി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വംനൽകി.
തലോർ ഉണ്ണിമിശിഹ ഇടവക
പുതുതായി കൂദാശ ചെയ്ത തലോർ ഉണ്ണിമിശിഹ ഇടവക നവദേവാലയത്തിലെ സഹമധ്യസ്ഥരായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മദർ തെരേസയുടെയും വിശുദ്ധ മറിയംത്രേസ്യായുടെയും സംയുക്ത ഉൗട്ടുതിരുനാളിന്റെ ആഘോഷമായ പാട്ടുകുർബാനയ്ക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് ഉൗട്ടുനേർച്ച നടന്നു. വൈകീട്ടു നാലിന് എസ്ഡിവി സഭ ഇന്ത്യൻ ഡെലിഗേറ്റ് ഫാ. അലൻ ടോണി വിശുദ്ധ കുർബാന യർപ്പിച്ചു. തുടർന്നു തിരുനാൾ പ്രദിക്ഷിണവും നടന്നു. സഹ വികാരി ഫാ. ബ്രിൽവിൻ ഒലക്കേങ്കിൽ, കൈക്കാരന്മാരായ സണ്ണി കാഞ്ഞാണി, റീഫിൻ കുന്നത്ത്, ബാബുദാസ് തരകൻ, ലിക്സണ്‍ പെരിഞ്ചേരി, ജനറൽ കണ്‍വീനർമാരായ ജോയ് കൊന്പൻ, വിൻസെന്റ് പെരിഞ്ചേരി, ഉൗട്ടുനേർച്ച കണ്‍വീനർ കുര്യൻ ചമവളപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വടക്കാഞ്ചേരി ഫൊറോന
പള്ളി
വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന ദേവാലയത്തിലെ 185-ാം ദർശനത്തിരുനാൾ ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും കുർബാനകൾ നടന്നു.
തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അതിരൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ഫാ. പോൾ മുട്ടത്ത് മുഖ്യകാർമികനായി. അതിരൂപത സെക്രട്ടറി ചാൻസലർ ഫാ. അൽജോ കരേരക്കാട്ടിൽ തിരുനാൾസന്ദേശം നൽകി. വൈകീട്ട് കുർബാനയ്ക്ക് ഇടവക വൈദികർ കാർമികരായി. തുടർന്ന് ജപമാല പ്രദക്ഷിണം നടന്നു.
തിരുനാളിന്റെ ഭാഗമായി ശനിയാഴ്ചയും ഇന്നലെയുമായി ആയിരങ്ങൾ ഊട്ടുനേർച്ച കഴിക്കാൻ എത്തിയിരുന്നു. ഇന്നുരാവിലെ ഇടവകയിൽനിന്നു മരിച്ചുപോയവർക്കു വേണ്ടിയുള്ള തിരുകർമങ്ങൾ നടക്കും. ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി.വികാരി ഫാ. എബിൻ പൈനാടത്ത്, കൈക്കാരൻമാരായ ജോൺസൻ പുത്തുക്കര, ഷാജു ചൊവ്വല്ലൂർ, പോളി പുത്തൂക്കര, ജിൻസൺ വടക്കൻ, ജനറൽ കൺവീനർ വില്യംസ് നെയ്യൻ തുടങ്ങിയവർ നേതൃത്വംനൽകി.
അരിമ്പൂർ പള്ളി
സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദാ തിരുനാൾ ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന കൂടുതുറക്കൽ ചടങ്ങിന് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കാർമികനായി.
തുടർന്ന് ഹാരാർപ്പണം, ഇടവക ദേവാലയത്തിലേക്ക് വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഞായറാഴ്ച രാവിലെ നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. വിത്സൻ പിടിയത്ത് കാർമികനായി.
ഫാ. ജോൺസൻ പന്തപിള്ളി തിരുനാൾ സന്ദേശം നൽകി. നാലിന് വിശുദ്ധ കുർബാന, പ്രദക്ഷിണം, വർണമഴ എന്നിവ നടന്നു. പ്രദർശന വഴിയിൽ മാലാഖ കുരുന്നുകൾ അണിനിരന്നു. കുന്നത്തങ്ങാടി വള സമൂഹത്തിന്റെ തേര് എഴുന്നുള്ളിപ്പ് വർണാഭമായി.
വികാരി ഫാ. സോളി തട്ടിൽ, അസി. വികാരി ഫാ. ജിസ്വിൻ വാഴപ്പിള്ളി, ജനറൽ കൺവീനർ മാർട്ടിൻ ജോസ് വാഴപ്പിള്ളി, രാജു കണ്ണനായ്ക്കൽ, ചാലിശേരി ജോസ്, സിജോൺ കുണ്ടുകുളങ്ങര, ഷാജു ദേവസി എന്നിവർ നേതൃത്വം നൽകി.