വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി മലയോരകർഷകർ പലായനം ചെയ്യുന്നു: ജോസഫ് ടാജറ്റ്
1599240
Monday, October 13, 2025 1:18 AM IST
തൃശൂര്‍: വന്യമൃഗശല്യംകൊണ്ടു പൊറുതിമുട്ടിയ മലയോരകർഷകർ സ്ഥലങ്ങളെല്ലാം വിറ്റൊഴിഞ്ഞ് അന്യദേശങ്ങളിലേക്കു പലായനം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു നയിക്കുന്ന വാഹന പ്രചാരണജാഥയുടെ ജില്ലാതല ഉദ്ഘാടനം ചേലക്കര ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മലയോരമേഖല ഒന്നാകെ ഭീതിയിലാണ്. വന്യമൃഗശല്യം തീരാത്ത ദുരന്തമായി കർഷകരെയും മലയോരവാസികളെയും ബാധിച്ചിട്ടും സർക്കാർ ചെറുവിരൽപോലും അനക്കുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് നടപ്പാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വനനിയമം ഭേദഗതിചെയ്തതെന്നും കുറ്റപ്പെടുത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അധ്യക്ഷത വഹിച്ചു. എം.പി. വിൻസെന്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ചാലിശേരി, ഇ. വേണുഗോപാലമേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.