ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ രണ്ടര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിർമിച്ചു
1599245
Monday, October 13, 2025 1:18 AM IST
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ കുടിവെള്ളശൃംഖല ശക്തിപ്പെടുത്താനും രണ്ടായിരത്തോളം ശുദ്ധജല കണക്ഷനുകള്‍ നല്‍കാനും ലക്ഷ്യമിടുന്ന 13.5 കോടി രൂപയുടെ അമൃത് 2 പദ്ധതി അന്തിമഘട്ടത്തില്‍.
നഗരസഭയിലെ ക്രൈസ്റ്റ് കോളജ്, സിവില്‍ സ്റ്റേഷന് എന്നീ വാര്‍ഡുകളിലായി നടപ്പിലാക്കുന്ന 1.68 കോടി രൂപയുടെ പദ്ധതിയാണ് ആദ്യത്തേത്. അഞ്ച് കിലോമീറ്റോളം പഴയ പൈപ്പുകള്‍ മാറ്റുന്നതോടൊപ്പം രണ്ട് വാര്‍ഡുകളിലായി 200 കണക്ഷനുകളും നല്‍കാനുള്ള ഈ പദ്ധതി പീര്ത്തിയായിച്ചുണ്ട്.
നഗരസഭയുടെ മൂര്‍ക്കനാട് കരുവന്നൂര്‍ ബംഗ്ലാവ് എന്നീ വാര്‍ഡുകളിലായി വിതരണ ശ്യംഖല ശക്തിപ്പെടുത്തുകയും 200 കണക്ഷനുകള്‍ നല്‍കാനുള്ള രണ്ടാമത്തെ പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. 84 ലക്ഷം രൂപയാണ് അടങ്കല്‍ തുക. കരുവന്നൂര്‍ ബംഗ്ലാവ് പരിസരം, ഇല്ലിക്കല്‍ ബണ്ട് മേഖലകളാണ് എന്നിവയാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്.
നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടുന്നതും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റുന്നതുമായിരുന്നു മൂന്നാമത്തെ പദ്ധതി. 7.9 കോടി രൂപയാണ് അടങ്കല്‍ തുക. ഗാന്ധിഗ്രാം, കോമ്പാറ ഈസ്റ്റ്, വെസ്റ്റ്, കൊരുമ്പിശേരി, കെഎസ് പാര്‍ക്ക്, സോള്‍വെന്റ് ചവിട്ടുപ്പാലം, ലൂണ പരിസരം, പുലിക്കുട്ടി മഠം റോഡ്, ചെറുത്യക്ക് അമ്പലപരിസരം, ഗായത്രി ഹാള്‍, എകെപി ജംഗ്ഷന് തെക്കേ നട, മടത്തിക്കര, തലയിണക്കുന്ന്, തളിയക്കോണം, എന്നിവയാണ് പദ്ധതി പ്രദേശങ്ങള്‍. 95 % പ്രവ്യത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷ്യമിട്ട 1500 കണക്ഷനുകളില്‍ 1425 കണക്ഷനുകള്‍ കൊടുത്ത് കഴിഞ്ഞിട്ടുണ്ട്.
മങ്ങാടിക്കുന്നില്‍ നിന്ന് ചന്തക്കുന്ന് വരെ പമ്പിംഗ് മെയിന്‍ വലിക്കലും പച്ചക്കറി മാര്‍ക്കറ്റില്‍ പുതിയ ടാങ്ക് നിർമാണവും നൂറ് കണക്ഷന് നല്‍കലും ലക്ഷ്യമിട്ടിട്ടുള്ള നാലാമത്തെ പദ്ധതിക്കായി ചെലവഴിക്കുന്നത് 3.23 കോടി രൂപയാണ്. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റില്‍ രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉന്നതതല ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഗവ. ആശുപത്രി, മടത്തിക്കര, ചാലാംപ്പാടം, മാര്‍ക്കറ്റ് എന്നീ വാര്ഡുകളിലുള്ളവര്ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക.
മുഴുവന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ച സ്ഥിതിയില്‍ തദ്ദേശ തെരഞ്ഞടുപ്പിനു മുമ്പ് കമ്മീഷന് ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേന്ദ്രാവിഷ്ക്യത പദ്ധതിയായ അമൃതിന്റെ അമ്പത് ശതമാനം കേന്ദ്രവും 37.5 ശതമാനം സംസ്ഥാനവും 12.5 ശതമാനം നഗരസഭയുമാണ് വഹിക്കുന്നത്.