സബ് കളക്ടറുടെ നേതൃത്വത്തിൽ സൈറ്റ് ഇൻസ്പെക്ഷൻ
1599787
Wednesday, October 15, 2025 1:14 AM IST
കൊരട്ടി: ദേശീയപാത 544 വികസനത്തിന്റെ ഭാഗമായി അടിപ്പാതനിർമാണവും അനുബന്ധ ജോലികളും പുരോഗമിക്കുന്ന ചിറങ്ങരയിൽ ജില്ലാ സബ് കളക്ടർ അഖിൽ വി. മേനോന്റെ നേതൃത്വത്തിൽ സൈറ്റ് ഇൻസ്പെക്്ഷൻ നടന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും സുരക്ഷാ മുന്നൊരുക്കത്തിലും നിർമാണ പ്രവൃത്തികളിലും ഗുരുതരമായ അലംഭാവം ഉണ്ടാകുകയും ചെയ്തതിനെത്തുടർന്ന് പാലിയേക്കര ടോൾ പിരിവിനു കഴിഞ്ഞ രണ്ടു മാസമായി കോടതി താത്കാലികമായി വിലക്ക് ഏർപ്പെ ടുത്തിയിരുന്നു. വിഷയം വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ കോടതിയുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടറും സംഘവും ഇന്നലെ അഞ്ചോടെ ചിറങ്ങരയിലെത്തിയത്.
ചാലക്കുടി ഡിവെെഎസ്പി പി.സി. ബിജുകുമാർ, കൊരട്ടി സിഐ അമൃത് രംഗൻ, തൃശൂർ ആർടിഒ അനന്തപത്മനാഭൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ, നാഷണൽ ഹൈവേ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ, പിഎസ്ടി പ്രോജക്ട് മാനേജർ ചന്ദ്രശേഖർ, ജെ.ആർ. കൺസൾട്ടൻസി പ്രതിനിധികൾ തുടങ്ങിയവരാണ് സബ് കളക്ടർക്കൊപ്പം ഉണ്ടായിരുന്നത്.
സംഘം നിർമാണ പുരോഗ തികൾ വിലയിരുത്തി. നിർമാണം നടക്കുന്ന ഇടങ്ങളിലും വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന സർവീസ് റോഡുകളിലും അറ്റകുറ്റപ്പണികൾക്ക് കൃത്യമായ മെക്കാനിസം ഉറപ്പുവരുത്തണമെന്ന് എൻഎച്ച്എഐ പ്രതിനിധികൾക്ക് അദ്ദേഹം നിർദേശം നൽകി.
റോഡുകളിൽ കുഴികൾ രൂപപ്പെട്ടാൽ അത് അടയ്ക്കുവാനും മറ്റു കേടുപാടുകൾ സംഭവിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാനുമുള്ള ആസൂത്രണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർമാണ സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച അരുതെന്നും ദിശാബോർഡുകളും സൂചന ബോർഡുകളും അവശ്യസ്ഥലങ്ങളിൽ ബ്ലിംഗിംഗ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ നീക്കം ചെയ്ത് ഗതാഗതസ്തംഭനത്തിന് കാരണമാകാതിരിക്കാൻ മുൻകരുതൽ ഒരുക്കണമെന്നും പറഞ്ഞിട്ടുണ്ട്. കൂടുതൽ തൊഴിലാളികളെ വിന്യസിച്ച് നിർമാണത്തിന് വേഗം കൂട്ടണമെന്നും അദ്ദേഹം നിർമാണക്കമ്പനിയോടും എൻഎച്ച്എഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്.