ശൈശവവിവാഹങ്ങൾ കൂടുതൽ തൃശൂരിൽ
1599772
Wednesday, October 15, 2025 1:14 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമെന്നു പുകൾപെറ്റ തൃശൂരിൽ ശൈശവവിവാഹങ്ങൾ വർധിക്കുന്നു. 2024 ഏപ്രിലിനും ഈ വർഷം ജനുവരിക്കുമിടയിലുള്ള കണക്കുപ്രകാരം കേരളത്തിൽ റിപ്പോർട്ടുചെയ്ത 18 ശൈശവവിവാഹ കേസുകളിൽ പത്തെണ്ണവും നടന്നത് തൃശൂർ ജില്ലയിലാണ്. വനിതാ ശിശുവികസന വകുപ്പാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
തൃശൂരിനു പിന്നിൽ രണ്ടാമത് മൂന്നു ശൈശവവിവാഹങ്ങൾ നടന്ന മലപ്പുറവും മൂന്നാംസ്ഥാനത്ത് രണ്ടു ശൈശവവിവാഹങ്ങൾ നടന്ന പാലക്കാടും തിരുവനന്തപുരവുമാണ്. ഏതാനും ദിവസങ്ങൾക്കുമുന്പ് മലപ്പുറത്തു ശൈശവവിവാഹത്തിനു ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.
കേരളത്തിൽ 2022-23 വർഷത്തിൽ പന്ത്രണ്ടും 2023-24 വർഷത്തിൽ പതിനാലും ശൈശവവിവാഹങ്ങൾ നടന്നു.
കേരള സർവകലാശാലയിലെ ജനസംഖ്യാവകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ബാലവിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ട്.
2022-23 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളിൽ 11 എണ്ണം പാലക്കാട്ടും മലപ്പുറത്തുമായിരുന്നു. 2023-24 ൽ മലപ്പുറത്തും തൃശൂരും നാലു കേസുകൾ റിപ്പോർട്ട് ചെയ്തു; ആറു കേസുകൾ പാലക്കാട്ടും.
2023-24ൽ 52 ശൈശവവിവാഹങ്ങൾ തടയാൻ സാധിച്ചപ്പോൾ 2022-23ൽ 108 കേസുകൾ തടയാൻ കഴിഞ്ഞു. 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 48 ശൈശവവിവാഹങ്ങൾ തടയാൻ സാധിച്ചുവെന്നും വനിതാ ശിശുവികസന വകുപ്പ് പറയുന്നു.