മുഖംമിനുക്കാൻ തൃശൂരിന്റെ സ്വന്തം സീതാറാം ടെക്സ്റ്റൈൽസ്
1599505
Tuesday, October 14, 2025 1:09 AM IST
തൃശൂർ: തൃശൂരിന്റെ വ്യാവസായിക ഭൂപടത്തിൽ വികസനം അടയാളപ്പെടുത്തിയ പൂങ്കുന്നത്തെ സീതാറാം ടെക്സ്റ്റൈൽസ് ഇനി പുതിയകാലത്തിനൊപ്പം.
1905-08 കാലയളവിൽ നഗരത്തിന്റെ വ്യവസായ പുരോഗതിയുടെ പ്രധാനഘടകമായി പ്രവർത്തനം തുടങ്ങിയ സീതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡ് രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, കന്പനി വക ഭൂമി കൈവശക്കാർക്ക് തീറാധാര കൈമാറ്റവും മന്ത്രി പി. രാജീവ് നിർവഹിച്ചു. സംസ്ഥാനത്ത് സാന്പത്തിക വർഷത്തിന്റെ ആദ്യ ആറു മാസങ്ങളിൽ തന്നെ 23 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലെത്തിയതായി മന്ത്രി പറഞ്ഞു.
മിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ ചെയർപേഴ്സണ്‍ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായി.
സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ, യൂണിറ്റ് ഇൻ ചാർജ് എസ്. വിജയകുമാർ, കോർപറേഷൻ കൗണ്‍സിലർ എ.കെ. സുരേഷ്, തൊഴിലാളി സംഘടനാനേതാക്കളായ പി. ഹരിദാസ്, ടി.വി. ചന്ദ്രമോഹൻ, എം. രാധാകൃഷ്ണൻ, ബോർഡ് ഡയറക്ടർമാരായ എ.ആർ. കുമാരൻ, കെ.എം. വർഗീസ്, കെ.പി. ശശികുമാർ, ടി.വി. ബേബി, കേരള ബാങ്ക് വൈസ് ചെയർപേഴ്സണ്‍ എം.കെ. കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.