മാർ തോമാശ്ലീഹയുടെ വിശ്വാസചൈതന്യമുള്ളവരായിരിക്കണം പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ: മാർ പൊഴോലിപ്പറന്പിൽ
1599504
Tuesday, October 14, 2025 1:09 AM IST
ചെന്നൈ: ഭാരത അപ്പസ്തോലനായ മാർ തോമാശ്ലീഹയുടെ വിശ്വാസചൈതന്യമുള്ളവരായിരിക്കണം പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളെന്ന് ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറന്പിൽ. ഹൊസൂർ രൂപതയുടെ 2025 -27 വർഷത്തെ പ്രഥമ പാസ്റ്ററൽ കൗണ്‍സിൽ യോഗം അയനാവരം പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിതസാക്ഷ്യത്തിലൂടെ മറ്റുള്ളവരിലേക്കു വിശ്വാസം പകർന്നുകൊടുക്കേണ്ടതു നമ്മുടെ കടമയും ദൗത്യവുമാണ്. യേശു നമ്മെ ഏല്പിച്ച ദൗത്യത്തിന്റെ പൂർത്തീകരണം അപ്പോഴേ സാധ്യമാവൂ. അതാണു സുവിശേഷപ്രഘോഷണ ദൗത്യം. രൂപതയുടെ വളർച്ചയിൽ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെ പ്രവർത്തനവും സാന്നിധ്യവും നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട രൂപതയുടെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെ കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ക്ലാസ് നയിച്ചു. പാസ്റ്ററൽ കൗണ്‍സിലിൽ സമർപ്പിതരും അല്മായരും വിവിധ ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റഡ് അംഗങ്ങളുമായി 119 പേർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി ഫാ. ലെസ്ലിൻ ചെറുപറന്പിൽ - ജനറൽസെക്രട്ടറി, ജേക്കബ് ചക്കാത്തറ - സെക്രട്ടറി, ബൈജു, റീന പോൾ - ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. അജൻഡ കമ്മിറ്റി അംഗങ്ങളായി സോയി ജോസഫ്, ഡീന, മാത്യു ചാക്കോ എന്നിവരെയും ഫിനാൻസ് കൗണ്‍സിലിലേക്ക് കെ. മാത്യു, ഡെന്നി മാത്യു എന്നിവരെയും തെരഞ്ഞെടുത്തു. വികാരി ജനറാൾ മോണ്‍. ജിജോ തുണ്ടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ജേക്കബ് ചക്കാത്തറ നന്ദി പറഞ്ഞു.
കഴിഞ്ഞ പാസ്റ്ററൽ കൗണ്‍സിൽ ഭാരവാഹികളായ ഫാ. സിബിൻ കോട്ടക്കൽ - ജനറൽ സെക്രട്ടറി, മാത്യു ചാക്കോ - സെക്രട്ടറി, സെബാസ്റ്റ്യൻ അനിത്തോട്ടം, ജയ ജേക്കബ് - ജോയിന്റ് സെക്രട്ടറിമാർ എന്നിവർക്കു നന്ദി പറഞ്ഞു.