അമല മെഡിക്കൽ കോളജും ഐഐഐടി കോട്ടയവും ധാരണയിൽ
1599502
Tuesday, October 14, 2025 1:09 AM IST
തൃശൂർ: സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും സംയോജിപ്പിച്ചു മുന്നേറ്റം കൈവരിക്കാൻ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയും (ഐഐഐടി) തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും തമ്മിൽ ധാരണയായി.
ക്വാണ്ടം- ക്ലാസിക്കൽ ന്യൂറൽ നെറ്റ്വർക്ക് എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് തലച്ചോറിലെ അസ്വാഭാവിക സിഗ്നലുകൾ കാരണം ഉണ്ടാകുന്ന അപസ്മാരം, ജെന്നി തുടങ്ങിയ നാഡീവ്യാധികളുടെ മുൻകൂട്ടിയുള്ള തിരിച്ചറിവും നിയന്ത്രണവും ലക്ഷ്യമിട്ട ഗവേഷണപദ്ധതികളാണു സഹകരണത്തിലൂടെ നടപ്പാക്കുക.
യഥാർഥ ക്ലിനിക്കൽ ഡാറ്റയും എഐ സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത് നാഡീരോഗനിർണയവും ചികിത്സാസംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുകയാണു സംരംഭത്തിന്റെ ലക്ഷ്യം.
കോട്ടയത്തു നടന്ന ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കലും ഐഐഐടി കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
അമലയിൽനിന്ന് അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. സുരേഷ്കുമാർ, ഇന്റഗ്രേറ്റഡ് മെഡിക്കൽ റിസർച്ച് ലാബ് ഡയറക്ടർ ഡോ. ടി.എ. അജിത്, അമല കാൻസർ റിസർച്ച് സെന്റർ ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ്, ഐഐഐടിയിൽനിന്നു കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് അധ്യാപകനും പദ്ധതിയുടെ കോഓഡിനേറ്ററുമായ ഡോ. ജോണ്പോൾ മാർട്ടിൻ, അക്കാദമിക്സ് ഇൻചാർജ് പ്രഫ. എസ്. അശോക്, അസോസിയേറ്റ് ഡീൻമാരായ ഡോ. എബിൻ ഡെനിരാജ്, ഡോ. ടി. ഭാക്യരാജ്, ഡോ. ജി.കെ. രാകേഷ്, സിഎസ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. ജയകൃഷ്ണ സാഹു, ഡോ ക്രിസ്റ്റീന തെരേസ ജോസഫ്, ഡോ. എം.എസ്. സുചിത്ര, ഡോ. സി.ഡി. മാത്യു എന്നിവർ സന്നിഹിതരായി.