ഷോളയാർ അണക്കെട്ട് പിഎപി കരാറിൽനിന്നു പുറത്തുവരണം
1599785
Wednesday, October 15, 2025 1:14 AM IST
ചാലക്കുടി: കേരള ഷോളയാർ അണക്കെട്ട് പിഎപി കരാറിൽനിന്നു പുറത്തുവരണമെന്ന് ജലജാഗ്രതാ സമിതിയും റിവർ പ്രൊട്ടക്്ഷൻ ഫോറവും ആവശ്യപ്പെട്ടു. പറന്പിക്കുളം-ആളിയാർ പദ്ധതി പിഎപി കരാർപ്രകാരം ഓരോ വർഷവും ജൂലൈ ഒന്നുമുതൽ അടുത്തവർഷം ജൂണ്‍ 30 വരെയാണ് ജലവർഷമായി കണക്കാക്കുന്നത്.
ഒരു ജലവർഷത്തിൽ കേരള ഷോളയാറിൽ ഉപയോഗിക്കാനാകുന്നത് 12300 ദശലക്ഷം ക്യൂബിക് അടി (348 ദശലക്ഷം ക്യൂബിക് മീറ്റർ) ജലമാണ്. മഴയില്ലാത്ത സമയങ്ങളിൽ ചാലക്കുടിപ്പുഴത്തടത്തിലെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഇതിൽ ഏകദേശം മൂന്നിലൊന്ന് ജലംമാത്രം ഉപയോഗിച്ച് മൂന്നിൽ രണ്ടുഭാഗം ഡിസംബർ മുതലുള്ള സമയത്തേക്കു കരുതിവയ്ക്കണം.
നവംബർ 30 വരെ വൈദ്യുതി ഉത്പാദനം തുടർന്നാൽ കേരള ഷോ ളയാറിൽ അവശേഷിക്കുക 120-130 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമായിരിക്കും. ഇത് ഉപയോഗിച്ച് ഡിസംബർ മുതലുള്ള മേയ് വരെ ചാലക്കുടി പുഴത്തടത്തിലെ വേനൽക്കാല ജലആവശ്യങ്ങൾ നിറവേറ്റുക അസാധ്യമാണ്.
മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്നും വേനൽക്കാലത്തെ വരൾച്ച ഭീഷണിയിൽനിന്നുമുള്ള മോചനത്തിനായി കേരള ഷോളയാർ അണക്കെട്ട് പിഎപി കരാറിൽനിന്നു പുറത്തുകൊണ്ടുവരണം. തമിഴ്നാട് ഷോളയാറിൽ ഇരു സംസ്ഥാനങ്ങൾക്കുമുള്ള വിഹിതം നിർണയിക്കുകയും കേരളത്തിനുള്ള വിഹിതം ഉപകാരപ്രദമായ സമയങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി കരാർ പുതുക്കണമെന്നും അവർ ആവശ്യപ്പെട്ടു.