കൈതോറക്കുളം അധികൃതരുടെ അവഗണനമൂലം നശിക്കുന്നു
1599780
Wednesday, October 15, 2025 1:14 AM IST
എരുമപ്പെട്ടി: കടങ്ങോട് സ്വാമിപ്പടി കൈതോറക്കുളം അധികൃതരുടെ അവഗണനമൂലം നശിക്കുന്നു. കുളം സംരക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.
കടങ്ങോട് പഞ്ചായത്തിലെ നാലാം വാർഡിൽ സ്വാമിപ്പടി പാടശേഖരത്തിനോടുചേർന്നാണ് കൈതോറക്കുളമുള്ളത്. ഏകദേശം അര ഏക്കറോളം വിസ്തൃതിയുള്ള പഞ്ചായത്തുകുളം പുല്ലും പാഴ്മരങ്ങളും വളർന്ന് നശിച്ച അവസ്ഥയിലാണ്. കാർഷിക ജലസേചനത്തോടൊപ്പം പ്രദേശവാസികൾ കുളിക്കുവാനും തുണിയലക്കുവാനും ഉപയോഗിച്ചിരുന്ന കുളം 15 വർഷത്തിലധികമായി ഉപയോഗശൂന്യമാണ്. കുളം നവീകരിക്കണമെന്ന് മാറിമാറി ഭരിച്ച ത്രിതല പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കോൺഗ്രസും സിപിഎമ്മും ബിജെപിയും വാർഡ് മാറിമാറി ഭരിച്ചെങ്കിലും കുളത്തിന്റെ പുനരുദ്ധാരണം നടത്താൻ വിമുഖത കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പുല്ലുമുടി പറമ്പുപോലെ കിടക്കുന്ന കുളം അപകടഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് കുളത്തിൽവീണ പോത്ത് പുല്ലിനുള്ളിൽ കുടുങ്ങി കരകയറാൻ കഴിയാതെ ചത്തു. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുളത്തിലേക്കിറങ്ങാൻ സാധിച്ചില്ല. കുളം നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമസഭയിലും പഞ്ചായത്തിലും നിരന്തരം അപേക്ഷകൾ സമർപ്പിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.
പഞ്ചായത്തിലെ ഒട്ടനവധി കുളങ്ങൾ ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. ഈ ഭരണകാലം അവസാനിക്കുന്നതിന് മുമ്പ് കുളത്തിന്റെ നവീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.