ചിത്രകലാപ്രദർശനം ശ്രദ്ധേയം
1599770
Wednesday, October 15, 2025 1:14 AM IST
തൃശൂർ: നിറങ്ങളും ഭാവങ്ങളും കലാപ്രപഞ്ചം തീർത്ത ഹേമട്ട് ആർട്ട് ആൻഡ് ക്രാഫ്റ്റ് ഗ്രൂപ്പിന്റെ ഏഴാമതു ചിത്രകലാപ്രദർശനം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി മുന്നേറുന്നു.
പതിവുപ്രദർശനങ്ങളിൽനിന്നു വ്യത്യസ്തമായി, അക്രിലിക്, മ്യൂറൽ, ത്രെഡ് വർക്ക്, മിനി ആർട്ട്, റിസിൻ ആർട്ട് തുടങ്ങി വിവിധ മാധ്യമങ്ങളിലായി കലാസൃഷ്ടികൾ അവതരിപ്പിക്കപ്പെട്ട ഇവിടെ സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിൽനിന്നുമുള്ള കലാകാരന്മാർ അവരുടെ സൃഷ്ടികളുമായി പങ്കുചേർന്നിരിക്കുകയാണ്.
അരയടിമുതൽ അഞ്ചടിവരെ വലിപ്പമുള്ള കാൻവാസുകളിലാണ് ചിത്രങ്ങൾ. വിദ്യാർഥികളും വീട്ടമ്മമാരും പ്രഫഷണൽ കലാകാരന്മാരും ഉൾപ്പെടെ 20 മുതൽ 70 വരെ വിവിധ പ്രായക്കാരാണ് ഇവിടെ നിറക്കൂട്ടുകൾ ചാലിച്ചിരിക്കുന്നത്.
പുതിയ കലാകാരന്മാർക്കു വേദിയൊരുക്കുക എന്നതാണ് കൂട്ടായ്മയയുടെ പ്രധാന ലക്ഷ്യമെന്നു സംഘാടകർ പറയുന്നു. ഫിദ തോപ്പിൽ, പോൾസൺ കാമിയോ, ഗീന ആലീസ്, രാജേഷ് മുദ്ര, ശിവദാസൻമേനോൻ പരിയാരം, രതി ബാബു, ഗിരിജ കൈമൾ തുടങ്ങിയവരടങ്ങിയ സംഘാടകസമിതിയാണ്, കലയുടെ വൈപുല്യവും വൈവിധ്യവും ഒരുമിച്ചനുഭവിക്കാവുന്ന പ്രദർശനത്തിനു ചുക്കാൻ പിടിക്കുന്നത്. ചിത്രങ്ങൾ വാങ്ങാനും അവസരമുണ്ട്.
രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.