കര്‍ഷകര്‍ക്കൊപ്പം ട്രാക്ടര്‍ ഓടിച്ച് നിലമുഴുത് കളക്ടര്‍
1600632
Saturday, October 18, 2025 1:44 AM IST
തൃശൂർ: ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പാടത്തിറങ്ങിയതു കര്‍ഷകര്‍ക്കു സര്‍പ്രൈസ് കാഴ്ചയായി. മണലിപ്പുഴ കണ്ണോത്ത് കോള്‍പാടശേഖരത്തില്‍ പുതിയ കൃഷിക്കായി നിലമൊരുക്കുന്ന കര്‍ഷകരുടെ അടുത്തെത്തിയ കളക്ടര്‍ അവരിലൊരാളായിമാറി. കൃഷിക്കായി ഒരുക്കിയ ഉഴുതുമറിച്ച രണ്ട് പാടശേഖരങ്ങളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്.
കര്‍ഷകരുമായി സംസാരിക്കുന്നതിനിടയില്‍ നിലമുഴാന്‍ തയാറായിനിന്നിരുന്ന ട്രാക്ടര്‍ കണ്ടപ്പോള്‍ ഒരു കൈ നോക്കണമോയെന്ന് കളക്ടര്‍ ഒന്നു സംശയിച്ചു. കര്‍ഷകരുടെ പ്രോത്സാഹനംകൂടിയായപ്പോള്‍ പിന്നെ മടിച്ചില്ല. മടിയൊന്നുമില്ലാതെ കളക്ടര്‍ ട്രാക്ടറിന്റെ സ്റ്റിയറിംഗ് ഏറ്റെടുത്തു. കോള്‍പാടത്തിന്റെ ചെളിയിലൂടെ ട്രാക്ടര്‍ ഓടിച്ച് നിലമുഴുതപ്പോള്‍ കളക്ടറെ കൗതുകത്തോടെ നോക്കിനില്ക്കുകയായിരുന്നു കര്‍ഷകരും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും.
കളക്ടറെ വിളവെടുപ്പിന് എത്താൻ ക്ഷണിച്ച കർഷകരോട് തീര്‍ച്ചയായും കൂടെയുണ്ടാകും എന്ന് ഉറപ്പുനല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
ഡെപ്യൂട്ടി കളക്ടര്‍ കെ.ജി. പ്രാണ്‍സിംഗ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബെറ്റ്സി മറീന ജോണ്‍, മുല്ലശേരി കൃഷി ഓഫീസര്‍ സി.ആര്. രാഗേഷ്, പുഞ്ച സ്പെഷല്‍ ഓഫീസിലെ വില്ലേജ് ഓഫീസര്‍ പി.കെ.ഷാജികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.