കോള്‍പാടങ്ങളില്‍ അമ്ലരസം ഉയര്‍ന്നു; താമരവളയംചിറ അടിയന്തരമായി കെട്ടണം
1600482
Friday, October 17, 2025 7:18 AM IST
കരുവന്നൂര്‍: കരുവന്നൂര്‍പ്പുഴയിലെ താമരവളയംചിറ കെട്ടാത്തതിനാല്‍ കോള്‍പാടത്ത് അമ്ലരസം ഉയര്‍ന്നത് ഒഴിവാക്കാനാകാതെ കര്‍ഷകർ. ചിറ കെട്ടാത്തതിനാല്‍ ഡാമുകളില്‍നിന്ന് വെള്ളം കിട്ടുന്നില്ലെന്നാണു കര്‍ഷകരുടെ പരാതി.
ഒന്നാംമേഖലയില് കൃഷിചെയ്ത പടവുകളിലാണ് അമ്ലരസം ഉയര്‍ന്നിട്ടുള്ളത്. കരുവന്നൂര്‍ പുഴയുമായി ബന്ധപ്പെട്ട 4000 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി ഇതോടെ പ്രതിസന്ധിയിലാണ്. കൈപ്പിള്ളി അകമ്പാടത്തെ ചിലരുടെ നെല്‍ച്ചെടികളും നശിച്ചിട്ടുണ്ട്.
വിളക്കുംമാടം, അഞ്ചുമുറി, വാരിയംപടവ്, അന്തിക്കാട് പടവ്, കാഞ്ഞാംകോള് എന്നിവിടങ്ങളില്‍ കൃഷിയിറക്കുന്നതിനായി നിലം ഉഴുതതോടെ അമ്ലരസമുള്ള വെള്ളമാണ്. ഈ പാടങ്ങളില്‍ വിത്തിടാനായി വെള്ളം കെഎല്‍ഡിസി കനാലിലേക്ക് പമ്പിംഗ് നടത്തിയിട്ടുണ്ട്. കനാലില്‍നിന്ന് അമ്ലരസമുള്ള വെള്ളം മറ്റു പടവുകളിലേക്കു കയറ്റാനാകാത്ത അവസ്ഥയാണ്. റെഗുലേറ്റര്‍ വഴി ഈ വെള്ളം കടലിലേക്ക് ഒഴുക്കിവിടണമെന്നാണ് കോള്‍പടവ് കമ്മിറ്റിക്കാര് പറയുന്നത്.
മഴ കുറഞ്ഞ സാഹചര്യത്തില്‍ ചിമ്മിനി ഡാമില്‍നിന്ന് വെള്ളം വിടേണ്ടതാണ്. എന്നാല്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനുള്ള താമരവളയം ചിറ കെട്ടാത്തത് ദുരിതമായിട്ടുണ്ട്. ചിറ കെട്ടിയില്ലെങ്കില്‍ ചിമ്മിനിവെള്ളത്തില് മുരിയാംതോട് പാടശേഖരങ്ങള്‍ മുങ്ങിയേക്കും.
ഓഗസ്റ്റ് 18നു ചേര്‍ന്ന ജില്ലാ കോള്‍ കര്‍ഷക അഡ്വൈസറി യോഗത്തില്‍ അടിയന്തരമായി താമരവളയംചിറ കെട്ടണമെന്നാവശ്യപ്പെട്ട് തീരുമാനമെടുത്തതാണ്. എന്നാൽ, രണ്ടുമാസം ആകാറായിട്ടും ഇതിനു പരിഹാരമായില്ല. നിലവില്‍ താമരവളയംചിറ കെട്ടിയില്ലെങ്കില്‍ ജില്ലയിലെ തെക്കുപടിഞ്ഞാറ് കോള്‍മേഖലയില്‍ ഈ വര്‍ഷം കൃഷിക്ക് ചിമ്മിനി ഡാമില്‍നിന്ന് വെള്ളം കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകും. അടിയന്തരമായി യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് കോള്‍ ഉപദേശകസമിതി അംഗങ്ങളായ കെ.കെ. കൊച്ചുമുഹമ്മദ്, അഡ്വ. വി. സുരേഷ്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.