ഒരുക്കങ്ങളായി; ഒല്ലൂർ തിരുനാൾ ആഘോഷം 22 മുതൽ 25 വരെ
1600626
Saturday, October 18, 2025 1:44 AM IST
തൃശൂർ: ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ 22 മുതൽ 25 വരെ ആഘോഷിക്കും.
22നു വൈകീട്ടു നാലിനു മാലാഖയുടെ ദാസീ-ദാസൻ സമർപ്പണ കുർബാനയ്ക്കു മുൻവികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. സമർപ്പണത്തിൽനിന്നുള്ള വരുമാനത്തിന്റെ 25 ശതമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നൽകും. വൈകീട്ട് 6.30നു ദീപാലങ്കാര സ്വിച്ച്ഓണ്‍ കർമം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും. ചമയപ്രദർശനത്തിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിക്കും. സമർപ്പണ കുർബാനയിലൂടെ ലഭിച്ച തുകവിതരണത്തിന്റെ ഉദ്ഘാടനം 26നു രാത്രി ഏഴിനു മന്ത്രി കെ. രാജൻ നിർവഹിക്കും.
23നു വൈകീട്ടു നാലിനു പൊന്തിഫിക്കൽ ദിവ്യബലിക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ്, നേർച്ചഭക്ഷണം ആശീർവാദം. വൈകീട്ട് ആറുമുതൽ പത്തുവരെ ഊട്ടുനേർച്ച. അഞ്ച് അങ്ങാടികളിൽനിന്ന് വള എഴുന്നള്ളിപ്പ്.
തിരുനാൾദിനമായ 24നു രാവിലെ 10ന് ആഘോഷമായ ദിവ്യബലിക്ക് അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നൽകും. രാവിലെ എട്ടുമുതൽ രണ്ടുവരെ ഊട്ടുനേർച്ച. വൈകീട്ടു നാലിനു പള്ളിയിൽനിന്ന് പ്രദക്ഷിണം.
31നു തിരുനാൾ എട്ടാമിടത്തിനു രാവിലെ 10 മുതൽ ആഘോഷമായ ദിവ്യബലി, തുടർന്നു നേർച്ചഭക്ഷണവിതരണം. 26 മുതൽ 31വരെ വൈകീട്ട് ഏഴിനു വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നു ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ, ആന്റണി ജോർജ് അക്കര, ജോഫി ജോസ് ചിറമ്മൽ, ജെയ്സണ്‍ പോൾ പ്ലാക്കൽ, ജസ്റ്റിൻ റാഫേൽ പെരൂട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.