വ്യാജരേഖ ചമച്ച് ഇടതുജനപ്രതിനിധികൾ 3.75 ലക്ഷം തട്ടിയെന്നു പരാതി
1601029
Sunday, October 19, 2025 7:15 AM IST
ചാവക്കാട്: വ്യാജരേഖകൾ ചമച്ച് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ രണ്ട് ഇടതുജനപ്രതിനിധികൾ ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആക്ഷേപം.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് എടക്കര ഡിവിഷൻ മെംബറും പുന്നയൂർ പഞ്ചായത്ത് മൂന്നാംവാർഡ് മെംബറും ചേർന്നാണ് 3.75 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ. കമറുദ്ദീൻ, തെക്കുമുറി കുഞ്ഞുമുഹമ്മദ്, കെ. ആഷിദ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുവരും എൽഡിഎഫ് അംഗങ്ങളാണ്.
വനിതാ ഗ്രൂപ്പിൽ തൊഴിൽസംരംഭങ്ങൾക്കു ധനസഹായം നൽകുന്ന പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 2024- 25 വർഷത്തിൽ ഏഴു ഗ്രൂപ്പുകൾക്കു സ്ഥാപനങ്ങൾ തുടങ്ങാൻ സബ്സിഡിയോടുകൂടി സാമ്പത്തികസഹായം നൽകിയിരുന്നു. പുന്നയൂർ എടക്കരയിലെ ആഷ് ക്രിയേഷൻ എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. വ്യവസായ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനം ആരംഭിക്കാൻ അഞ്ചു ലക്ഷം രൂപ അനുവദിച്ചു. കേരള ബാങ്കാണ് സാമ്പത്തികസഹായം നൽകിയത്. ഇതിൽ 75 ശതമാനം സബ്സിഡിയായി ലഭിക്കുന്ന 3.75 ലക്ഷം രൂപയാണ് സ്ഥാപനം തുടങ്ങാതെ വ്യാജരേഖ ഹാജരാക്കി തട്ടിയെടുത്തതെന്നു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
സ്ഥാപനം തുടങ്ങാൻ അപേക്ഷ നൽകിയപ്പോൾ അന്വേഷണം നടത്താൻ എത്തിയ വ്യവസായ ഓഫീസർക്കു നമ്പറുള്ള കെട്ടിടവും മറ്റും കാണിച്ചുകൊടുത്തുവത്രേ. പരാതിയെതുടർന്ന് അന്വേഷണം നടത്തുമ്പോഴേക്കും വ്യവസായ ഓഫീസർ മാറി. പുതിയ ഓഫീസർ അന്വേഷണം നടത്തിയപ്പോൾ ഷെഡ്ഡിൽ ദ്രവിച്ച പ്രിന്റിംഗ് മെഷീനും പ്രവർത്തനരഹിതമായ രണ്ട് കംപ്യൂട്ടുറുമാണ് കണ്ടത്. ഓഫീസറുടെ റിപ്പോർട്ടിനെതുടർന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയതിനെതുടർന്ന് കക്ഷികൾക്കു നോട്ടീസ് അയയ്ക്കാനും ഇവരെ അയോഗ്യരാക്കാനും ബ്ലോക്ക് യോഗം തീരുമാനിച്ചു. സർക്കാർപണം പലിശസഹിതം തിരിച്ചടയ്ക്കാത്തപക്ഷം ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നു പ്രസിഡന്റ് അറിയിച്ചു.