തള്ളുവണ്ടിയിലെ മീന്‍ നശിപ്പിച്ചു: നഗരസഭയ്ക്കെതിരേ പിഴചുമത്തി ഹൈക്കോടതി
1601015
Sunday, October 19, 2025 7:15 AM IST
ചാവക്കാട്: തള്ളുവണ്ടിയില്‍ മീന്വില്പന നടത്തുന്നയാളുടെ മീന്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും തള്ളുവണ്ടിയും തുലാസും കസ്റ്റഡിയിലെടുക്കുകയുംചെയ്ത ചാവക്കാട് നഗരസഭയ്ക്ക് ഹൈക്കോടതി പിഴ ചുമത്തി. അധികൃതരുടെ നിയമവിരുദ്ധ നടപടിക്കെതിരേയാണ് പിഴ.
നശിപ്പിച്ച മീനിന്റെ വിലയായി 15,000 രൂപയും നഗരസഭാ അധികൃതരുടെ നിയമവിരുദ്ധ നടപടിക്കെതിരേ നഷ്ടപരിഹാരമായി 15,000 രൂപയുമാണ് കോടതി പിഴ ചുമത്തിയത്. മീന്വില്പനക്കാരനായ ചാവക്കാട് പോക്കാക്കില്ലത്ത് നിഷാമിന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തള്ളുവണ്ടിയില്‍ മീന്വില്പന നടത്തുന്നതിനിടെയാണ് ചാവക്കാട് നഗരസഭാ ആരോഗ്യവിഭാഗം വണ്ടിയിലുണ്ടായിരുന്ന 82 കിലോ മീന്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും വണ്ടിയും തുലാസും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ഇതിനെതിരേ പരാതിക്കാരന് ചാവക്കാട് കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നഗരസഭയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നും മൗലിക അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും കോടതി കണ്ടെത്തി. ഈ തുക പരാതിക്കാരനായ മീന്വില്പനക്കാരന് ഒരുമാസത്തിനകം നല്‍കാനാണ് കോടതിയുടെ ഉത്തരവ്. ആരുടെ വീഴ്ചപ്രകാരമാണ് നിയമവിരുദ്ധമായ നടപടി ഉണ്ടായതെങ്കില്‍ അവരില്‍നിന്ന് തുക ഈടാക്കാനും വിധിയിലുണ്ട്. അഡ്വ.കെ.ഡി. വിനോജ്, അഡ്വ. മുഹമ്മദ് അഷറഫ്, അഡ്വ. വിനായക് കുറുവത്ത് എന്നിവര്‍ ഹാജരായി.