കുടമാറ്റത്തോടെ കൊട്ടേക്കാട് തിരുനാളിനു സമാപനം
1601161
Monday, October 20, 2025 1:10 AM IST
കൊട്ടേക്കാട്: മരിയൻ തീർഥാടനകേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ പരിശുദ്ധ ഫാത്തിമനാഥയുടെ തിരുനാൾ സമാപിച്ചു. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജയ്സണ്‍ കാളൻ ഒഎഫ്എം പ്രൊവിൻഷ്യൽ സന്ദേശം നൽകി.
ഉച്ചകഴിഞ്ഞു മൂന്നിനു കിഴക്ക് പടിഞ്ഞാറ് ഭാഗക്കാരുടെ കിരീടം എഴുന്നള്ളിപ്പുകൾ ആരംഭിച്ചു. ഗജവീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടെയും കിരീടം എഴുന്നള്ളിപ്പുകൾ ആറിനു ഫാത്തിമ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. തുടർന്നു പ്രസിദ്ധമായ കുടമാറ്റമത്സരവും നടന്നു. അതിരൂപത വികാരി ജനറാൾ മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കൽ ഫാത്തിമസന്ദേശം നൽകി. പരിശുദ്ധ ഫാത്തിമനാഥയുടെ തിരുസുരൂപം പല്ലക്കിൽ വഹിച്ചുള്ള തിരിപ്രദക്ഷിണം നടന്നു. തുടർന്നു കിഴക്കുഭാഗക്കാരുടെ വർണമഴയും ഒന്പതിനു ബാൻഡ് മേളവും അരങ്ങേറി.
ഇന്നു രാവിലെ രാവിലെ 6.30 ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, നൊവേന. 26ന് എട്ടാമിടം.
തിരുനാൾ ആഘോഷ പരിപാടികൾക്കു ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മിഥുൻ ചുങ്കത്ത്, ട്രസ്റ്റിമാരായ സി.പി. ജോസഫ്, ജോണ്സണ് മുരിയാടൻ, ഡേവിസ് കാഞ്ഞിരപ്പറന്പിൽ, പോൾ കോങ്കോത്ത്, ജനറൽ കണ്‍വീനർ ജോബി മുണ്ടാടൻ, ജോയിന്റ് കണ്‍വീനർ ജോസഫ് പൊട്ടത്തുപറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.