പള്ളിയും പരിസരവും ജനസാഗരമായി; തിരുനാൾ എട്ടാമിടത്തിനു സമാപനം
1601168
Monday, October 20, 2025 1:10 AM IST
കൊരട്ടി: തീർഥാടനപുണ്യം തേടി നാനാജാതി മതസ്ഥരായ മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ എട്ടാമിടത്തിന് വൻ ഭക്തജന പ്രവാഹം. പുലർച്ചെ മുതൽ രാത്രി 11 വരെ തുടർച്ചയായി നടന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാനും നേർച്ചകൾ സമർപ്പിക്കാനും നിരവധി വിശ്വാസികളാണ് തിരുസന്നിധിയിലെത്തിയത്.
പൂവൻകുല സമർപ്പണത്തിനും പൂവൻകുലകൊണ്ടുള്ള തുലാഭാരം നേർച്ച നിവർത്തിക്കുന്നതിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. രോഗശാന്തി, സുഖപ്രസവം, സന്താനലബ്ധി, ദാമ്പത്യ ജീവിതവിജയം, പാപ പ്രായശ്ചിത്തം ഇത്യാദി കാര്യങ്ങളുമായി ബന്ധപ്പെട്ട മുട്ടുകുത്തി നീന്തൽ നേർച്ചക്ക് ഒട്ടേറെ വിശ്വാസികൾ ദേവാലയത്തിലെത്തി. ദേവാലയത്തിന്റെ പ്രധാന കവാടം മുതൽ മദ്ബഹവരെയാണ് ഭക്തജനങ്ങൾ മുത്തിയെ വിളിച്ച് മുട്ടുകുത്തി നീന്തുന്നത്. കുഞ്ഞുങ്ങളെ മുതുകിലിരുത്തി മുട്ടുകുത്തി നീന്തുന്നവരും ധാരാളമാണ്.
വൈകീട്ട് അഞ്ചിന് ഫാ. ഫിലിപ്പ് കരോട്ടുപ്പുറത്തിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. ജോൺസൺ കക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി. ഇന്നുമുതൽ 24 വരെ രാവിലെ 5.30നും ഏഴിനും 10.30നും വൈകീട്ട് അഞ്ചിനും ദിവ്യബലികൾ ഉണ്ടായിരിക്കും. 26 വരെ എല്ലാ ദിവസങ്ങളിലും വൈകീട്ട് ആറിന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടർന്ന് വിശുദ്ധ കുർബാനയും ഒരുക്കിയിട്ടുണ്ട്. 25, 26 തിയതികളിൽ പതിനഞ്ചാമിടം ആഘോഷിക്കും.