വിമാനം കയറാൻ മോഹം, ഹരിതകര്‍മസേനാംഗങ്ങളുടെ ആഗ്രഹം സഫലമാക്കി പഞ്ചായത്തംഗം
1601170
Monday, October 20, 2025 1:10 AM IST
ഇരിങ്ങാലക്കുട: അതൊരു സ്വപ്നസാഫല്യയാത്രയായിരുന്നു നാലുപേര്‍ക്കും. ജോലിക്കിടയില്‍ പറന്നു പോകുന്ന വിമാനങ്ങളെ നോക്കി ഒരിക്കലെങ്കിലും അതില്‍ കയറാന്‍ ആഗ്രഹിച്ചവരാണിവര്. ആ ആഗ്രഹം തങ്ങളുടെ പഞ്ചായത്ത് അംഗത്തോട് ഇടയ്ക്കിടെ പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍, ആ സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷം.
മുരിയാട് പഞ്ചായത്ത് 12-ാംവാര്‍ഡിലെ ഹരിതകര്‍മസേനാംഗങ്ങളായ ടി.വി. ഉഷ (61), പി.എം. സിനി (43), അഞ്ജലി ശ്രീനിവാസന് (49), പുഷ്പലത ജയരാജന് (46) എന്നിവരാണ് ബംഗളൂരുവിലേക്ക് വിമാനയാത്ര നടത്തിയത്. വാര്‍ഡംഗം തോമസ് തൊകലത്താണ് സൗജന്യമായി വിമാനയാത്ര ഏര്‍പ്പാടാക്കിയത്.
ഇടയ്ക്കിടക്ക് വിമാനയാത്ര നടത്തുന്ന തോമസിനെ കാണുമ്പോഴെല്ലാം ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. എന്നാ ഞങ്ങളേയും ഇതുപോലെ വിമാനത്തിലൊന്ന് കൊണ്ടുപോകാന്ന്. നെടുമ്പാശേരിയില്‍നിന്ന് വിമാനത്തില്‍ ബംഗളൂരുവിലെത്തിയ നാലുപേരും പകല്‍മുഴുവന്‍ നഗരംചുറ്റിക്കണ്ട് രാത്രി ട്രെയിനില്‍ എസി കോച്ചില്‍ തൃശൂരില്‍ തിരിച്ചെത്തി. വളരെ സന്തോഷമുണ്ടെന്നും ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യമാണ് മെമ്പര്‍ യാഥാര്‍ഥ്യമാക്കിയതെന്നും യാത്രയ്ക്ക് ശേഷം ഹരിതകര്‍മ സേനാംഗങ്ങള്‍ പറഞ്ഞു.