ഇരട്ടസഹോദരങ്ങൾക്കു സ്വർണത്തിളക്കം
1601169
Monday, October 20, 2025 1:10 AM IST
കുന്നംകുളം: മൂന്നു മത്സരങ്ങളിൽനിന്നായി രണ്ടു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം ആറു മെഡലുകൾ വാരിക്കൂട്ടി ഇരട്ടസഹോദരങ്ങൾ.
ജില്ലാ റവന്യു കായികമേളയിലെ ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് മേലൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടസഹോദരങ്ങളായ ജെഫിൻ ജോഷിയും ജെസിൻ ജോഷിയും തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. ഷോട്ട്പുട്ടിൽ ജെഫിൻ സ്വർണംനേടിയപ്പോൾ ജെസിൻ വെള്ളിമെഡൽ നേടി. ഡിസ്കസ് ത്രോയിലും ഇരുവരും ഇതേ പ്രകടനം ആവർത്തിച്ചു. ജെഫിൻ ഒന്നാംസ്ഥാനവും ജെസിൻ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഹാമർ ത്രോയിൽ ജെസിൻ വെള്ളി നേടിയപ്പോൾ ജെഫിനു വെങ്കലം നേടാനേ സാധിച്ചുള്ളൂ.
മേലൂർ വാഴക്കാല വീട്ടിൽ ജോഫി-ഷൈജി ദമ്പതികളുടെ മക്കളാണ് പത്താംക്ലാസുകാരായ ഈ ഇരട്ടകൾ. കായികാധ്യാപകൻ എം.ജെ. ജോജുവിന്റെ കീഴിൽ എട്ടാംക്ലാസ് മുതൽ ഇരുവരും പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞവർഷത്തെ കായികമേളയിലും ഇവർ മെഡലുകൾ സ്വന്തമാക്കിയിരുന്നു.