അബിൻ വർക്കി എംഎൽഎ
പത്തനംതിട്ട: 2021-2026 വരെയുള്ള അഞ്ചു വർഷ കാലയളവിൽ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാത്ത ഏക എംഎൽഎയാണ് വീണാ ജോർജെന്ന് അബിൻ വർക്കി എംഎൽഎ. ഇതിൽ പലവർഷങ്ങളിലും പ്രവൃത്തികൾക്കായുള്ള പ്രൊപ്പോസൽപോലും നൽകാൻ തയാറായിട്ടില്ലെന്നും വിമർശനം. കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സദസിലായിരുന്നു എംഎൽഎയുടെ വിമർശനം.
2021–22 സാമ്പത്തിക വർഷത്തിൽ ഒരു എംഎൽഎക്ക് ആസ്തി വികസന പദ്ധതിയിൽ ഒരു കോടി രൂപയാണ് നിർദേശിക്കാൻ സാധിക്കുക. എന്നാൽ രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം എന്നിങ്ങനെ ചെറിയ പദ്ധതികൾ പോലും നിർദേശിക്കാൻ വീണാ ജോർജ് ശ്രമിച്ചിട്ടില്ലെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന്റെ തലേദിവസം മാത്രം 200 പ്രൊപ്പോസൽ നൽകിയതായും യഥാർഥത്തിൽ 100-ൽ താഴെ പ്രവൃത്തികളാണ് പ്രൊപ്പോസ് ചെയ്യാൻ സാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പറഞ്ഞത് വീണാ ജോർജ് നിഷേധിക്കാൻ തയാറുണ്ടോയെന്നും കൂടുതൽ അവകാശവാദവുമായി വന്നാൽ വിവരാവകാശരേഖ പുറത്തുവിടാൻ തയാറാണെന്നും അബിൻ വർക്കി പറഞ്ഞു.
Tags : MLAs allocation Allegation NattuVishesham DistrictNews