അനധികൃത കൈയേറ്റം ഒഴിപ്പിക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. ശശികുമാര്‍
പാലാ: ജനറല്‍ ആശുപത്രി റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാതെ നഗരസഭ. പ്രതിഷേധവുമായി ബിജെപി രംഗത്ത്. റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്ന് ജില്ലാ കളക്ടര്‍ നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, ഇത് നഗരസഭ പാലിച്ചില്ല. ഇവിടെയുള്ള വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് പൊതുവില്‍ നഗരസഭാ ഭരണസമിതി സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ കച്ചവടക്കാര്‍ക്ക് സമയം നീട്ടി നല്കി. 27ന് മുമ്പ് കച്ചവടക്കാര്‍ സ്വമേധയാ ഇറങ്ങിപ്പോകാമെന്ന് സമ്മതിച്ചതിനാലാണ് ഇതെന്ന് ഭരണസമിതി കണ്‍വീനര്‍ ബിജു പാലൂപ്പടവന് പറഞ്ഞു.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്നലെ ജോസ് കെ. മാണി എംപി സ്ഥലത്തെത്തിയിരുന്നു. ഈ സമയം തന്നെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കാതെ ടാറിംഗിന് സമ്മതിക്കില്ലെന്നതാണ് ബിജെപി നിലപാട്.
റോഡ് നിര്‍മാണവും കൈയേറ്റം ഒഴിപ്പിക്കലും സംബന്ധിച്ച് നഗരസഭാ അധികാരികളുമായി ജോസ് കെ. മാണി എംപി ചര്‍ച്ച നടത്തി. തിരുനാളുകളും ഉത്സവങ്ങളും അടുത്തതിനാല്‍ നിര്‍മാണത്തിനു മുടക്കം വരുത്തരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ആശുപത്രിവക സ്ഥലത്ത് പെട്ടിക്കട നടത്തുന്നവര്‍ സ്വയം ഒഴിഞ്ഞു പോകുമെന്ന് കടയുടമകള്‍ ജോസ് കെ. മാണിയെ അറിയിച്ചു. മാനുഷികമായ പുനരധിവാസം സംബന്ധിച്ച് നഗരസഭയോട് അഭ്യര്‍ഥിച്ചിട്ടുള്ളതായി ജോസ് കെ. മാണി കടയുടമകളെ അറിയിച്ചു.
കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
കൗണ്‍സിലര്‍മാരായ ബിജു പാലൂപ്പടവന്, ലീന സണ്ണി, ജോര്‍ജുകുട്ടി ചെറുവള്ളി, ബൈജു കൊല്ലംപറമ്പില്‍ എന്നിവരും നേതാക്കളായ ജോസുകുട്ടി പൂവേലില്‍, ജെയ്സണ്‍ മാന്തോട്ടം എന്നിവരും സന്നിഹിതരായിരുന്നു.
ബിജെപി ധര്‍ണ നടത്തി
കയ്യേറ്റം ഒഴിപ്പിക്കാതെയുളള റോഡ് വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ നടത്തിയ ധര്‍ണാ സമരം എന്‍.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സനീഷ് ജി. മുരളീധരന് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
റോഡ് വികസനം അട്ടിമറിക്കരുത്: മാണി സി. കാപ്പന്
പാലാ: ജനറല്‍ ആശുപത്രി ലിങ്ക് റോഡ് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തെ അട്ടിമറിക്കരുതെന്ന് മാണി സി. കാപ്പന് എംഎല്‍എ. റോഡ് നവീകരിക്കുന്നതിന് ഇടതു സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നുവെങ്കിലും 2024 -25 സംസ്ഥാന ബജറ്റില്‍ അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചുള്ള നിർമാണം ഇപ്പോഴാണ് നടക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ പാലാ നിയോജകമണ്ഡലത്തോട് കാണിച്ച അവഗണനയുടെ ഫലമായി സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിക്കുന്നതിന് ഒത്തിരിയേറെ തടസങ്ങള്‍ ഉണ്ടായെങ്കിലും അവയെല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
ആശുപത്രിയുടെ സ്ഥലം കൈവശപ്പെടുത്തിയവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കിക്കൊടുക്കണമെന്ന തന്റെ നിര്‍ദേശം സ്വീകരിക്കുന്നതിനു പകരം മുനിസിപ്പല്‍ അധികാരികള്‍ ജില്ലാ കളക്ടറും ആശുപത്രി വികസന സമിതിയും എടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്.
ജോസ് കെ. മാണി എംപി നടത്തിയ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. ടാറിംഗിനുള്ള സാധനങ്ങളെല്ലാം ശേഖരിക്കുകയും അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തുകയും ചെയ്താണ് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനായി ശ്രമിക്കുന്നത്.
ആശുപത്രിയുടെ സ്ഥലത്ത് വര്‍ഷങ്ങളായി കച്ചവടം നടത്തുന്നവരെ പുരധിവസിപ്പിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി സമരം നടത്തുന്നവര്‍ മുനിസിപ്പല്‍ അധികാരികളുടെ മുമ്പിലാണ് സമരം ചെയ്യേണ്ടതെന്നും മാണി സി. കാപ്പന് എംഎല്‍എ അഭിപ്രായപ്പെട്ടു.
Tags : BJP stages protest as Municipality Nattuvishesham DistrictNews