പത്തനംതിട്ട: ബംഗ്ലാദേശ് സ്വദേശിയെ മണ്ണടിയില്നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് മണ്ണടി മുല്ലവേലില്‍ ജംഗ്ഷനില്‍ രാജേഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശിലെ കമല്‍ഗെട്ട ജില്ലയില്‍ ബാംഗ്ര സ്വദേശി
നിമായി ദാസ് സര്‍ദാര്‍ (52) ആണ് ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്റെയും ഏനാത്ത് പോലീസിന്റെയും പരിശോധനയ്ക്കിടെ പിടിയിലായത്.
പശ്ചിമബംഗാള്‍ സ്വദേശി ആണെന്നു പറഞ്ഞാണ് ഇയാള്‍ വീട് വാടകയ്ക്കെടുത്തത്. ഇയാള്‍ക്കെതിരേ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് പ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
നിമായി ദാസ് സര്‍ദാര്‍ ഏഴു വര്‍ഷമായി കേരളത്തില്‍ പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൂന്നു മാസമായി മണ്ണടിയില്‍ താമസിച്ച് ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വരികയായിരുന്നു. വ്യാജമായി നിർമിച്ചതും പശ്ചിമ ബംഗാളിലെ വിലാസത്തില്‍ ഉള്ളതുമായ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഇയാളിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഉദയംപള്ളി സ്വദേശി എന്ന വിലാസമാണ് ഇയാള്‍ വീട് വാടകയ്ക്ക് എടുക്കാനായി നല്‍കിയിരുന്നത്.
ഏനാത്ത് എസ്എച്ച്ഒ കെ. ഷിജി, എസ്ഐ രാഹുല്‍ ചന്ദ്രന്, എഎസ്ഐ ശിവപ്രസാദ്, സിപിഒമാരായ സജി കുമാര്‍, കലേഷ്, സിപിഒ മഹേഷ് അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.