പതാക പ്രയാണത്തിനും സിഗ്നേച്ചര്‍ കാമ്പയിനും സ്വീകരണം നല്കിയപ്പോള്.
കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ റോമില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റിനു മുന്നോടിയായുള്ള പതാക പ്രയാണത്തിനും സിഗ്നേച്ചര്‍ കാമ്പയിനും കോട്ടയം അതിരൂപതയില്‍ സ്വീകരണം നല്കി.
കേരളത്തിലെ വിവിധ രൂപതകളിലൂടെ കടന്നുവന്ന പതാക കോട്ടയം അതിരൂപത കേന്ദ്രത്തില്‍ എകെസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ഗ്ലോബല്‍ വൈസ്പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരില്‍നിന്നും ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഏറ്റുവാങ്ങി. പിന്നീടു പതാക കെസിസി കോട്ടയം അതിരൂപത പ്രസിഡന്റ് ബാബു പറമ്പേടത്തുമലയിലിനു കൈമാറി.
സിഗ്നേച്ചര്‍ കാമ്പയിന്റെ ഉദ്ഘാടനം ആദ്യ ഒപ്പ് രേഖപ്പെടുത്തി ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിർവഹിച്ചു. തുടര്‍ന്ന് അതിരൂപതയിലെ വിവിധ പ്രതിനിധികളും ഒപ്പു രേഖപ്പെടുത്തി.
പതാക പ്രയാണ സ്വീകരണ സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പള്ളി, ഫാ. ഏബ്രഹാം പറമ്പേട്ട്, കെസിസി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, എകെസിസി ഗ്ലോബല്‍ വൈസ്പ്രസിഡന്റ് തമ്പി എരുമേലിക്കര, എഐസിയു സെക്രട്ടറി ബിനു ചെങ്ങളം, ബിനോയ് ഇടയാടി, തോമസ് പീടികയില്‍, ജോസ്മോന് പുഴക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
റോമില്‍ നടക്കുന്ന ആഗോള സംഗമത്തിനു മുന്നോടിയായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ക്കൂടി കടന്ന് ഇന്ത്യയില്‍ എത്തി കേരളത്തിലെ വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്ത പതാകയാണ് ഇന്നലെ കോട്ടയം അതിരൂപതാ ആസ്ഥാനത്ത് എത്തിയത്.
109 വര്‍ഷത്തെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ റോമില്‍ ഗ്ലോബല്‍ മീറ്റ് 20 മുതല്‍ നടക്കുന്നത്.
Tags : signature campaign flag rally NattuVishasham DistrictNews