x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30
JUN
2026

വോ​​ട്ട​​ർ​​പ​​ട്ടി​​ക കു​​ടു​​ക്കി​​യ ഇ​​ന്ത്യ​​ൻ ജീ​​വി​​ത​​ങ്ങ​​ൾ

Editorial Audio


Published: June 30, 2026 12:00 AM IST | Updated: June 29, 2026 11:26 PM IST

ന​​മു​​ക്ക് സ്വ​​ന്ത​​മാ​​യൊ​​രു വീ​​ടി​​ല്ലെ​​ങ്കി​​ൽ, ക​​ട​​ത്തി​​ണ്ണ​​യി​​ലോ തെ​​രു​​വി​​ലോ കി​​ട​​ക്കാം. പ​​ക്ഷേ, വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലെ​​ങ്കി​​ൽ സ്വ​​ന്തം വീ​​ട്ടി​​ൽ കി​​ട​​ന്നാ​​ലും അ​​ധി​​കാ​​രി വി​​ളി​​ച്ചെ​​ഴു​​ന്നേ​​ൽ​​പ്പി​​ച്ചേ​​ക്കാം. അ​​ദ്ദേ​​ഹം ഉ​​ന്ന​​യി​​ക്കു​​ന്ന യു​​ക്തി​​പ​​ര​​മാ​​യ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളെ ഖ​​ണ്ഡി​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​നു യു​​ക്തി​​പ​​ര​​മെ​​ന്നു തോ​​ന്നു​​ന്ന തെ​​ളി​​വു​​ക​​ളു​​മാ​​യി നാം ​​ഹാ​​ജ​​രാ​​ക​​ണം. ഇ​​ന്ത്യ​​യി​​ൽ ആ​​റു കോ​​ടി​​യോ​​ളം മ​​നു​​ഷ്യ​​ർ വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ടെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. അ​​തി​​ലൊ​​രാ​​ളാ​​ണ് ‘ദ ​​ടെ​​ലി​​ഗ്രാ​​ഫ്’​​ന്‍റെ മു​​ൻ എ​​ഡി​​റ്റ​​ർ ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ. വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് പു​​തു​​ക്കി​​യി​​ല്ല. അ​​മേ​​രി​​ക്ക​​യി​​ൽ മ​​ക​​ളു​​ടെ വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​മാ​​യി​​ല്ല. വോ​​ട്ട​​ർ​​പ​​ട്ടി​​ക വോ​​ട്ട് മാ​​ത്ര​​മ​​ല്ല നി​​ഷേ​​ധി​​ക്കു​​ന്ന​​ത്; പാ​​സ്പോ​​ർ​​ട്ടും ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളും ക​​ട​​ന്ന് പൗ​​ര​​ത്വ​​ത്തി​​ലും കൈ​​വ​​ച്ചേ​​ക്കാം. എ​​ല്ലാ​​വ​​രും നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​ര​​ല്ല. കോ​​ടി​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ പ​​ര​​ക്കം​​പാ​​യു​​ക​​യാ​​ണ്, സ്വ​​ന്തം അ​​സ്തി​​ത്വ​​ത്തി​​ന്‍റെ തെ​​ളി​​വു​​ക​ളും പ്ര​​തി​​പ​​ക്ഷ​​ത്തെ​​യും കോ​​ട​​തി​​ക​​ളെ​​യും തി​​ര​​ഞ്ഞ്. കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഇ​​ന്ത്യ​​ക്കാ​​രു​​ടെ ജീ​​വി​​തം സ്വ​​സ്ഥ​​ത​​യു​​ടെ ബാ​​ക്കി​​യി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​നി​​ശ്ചി​​താ​​വ​​സ്ഥ​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ളി​​ലേ​​ക്കു വ​​ലി​​ച്ചി​​ഴ​​യ്ക്ക​​പ്പെ​​ടു​​ന്നു.

പാ​​സ്‌​​പോ​​ര്‍​ട്ട് പു​​തു​​ക്കാ​​ൻ‍ വോ​​ട്ട​​ര്‍പ​​ട്ടി​​ക​​യി​​ല്‍ പേ​​രു വേ​​ണ​​മെ​​ന്ന​​ത് ആ​​ർ. രാ​​ജ​​ഗോ​​പാ​​ലി​​നും അ​​റി​​യി​​ല്ലാ​​യി​​രു​​ന്നു. പോ​​ലീ​​സ് വെ​​രി​​ഫി​​ക്കേ​​ഷ​​ന് വോ​​ട്ട​​ർ ഐ​​ഡി ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ എ​​സ്ഐ​​ആ​​റി​​ൽ (വോ​​ട്ട​​ർപ​​ട്ടി​​ക തീ​​വ്ര​​പ​​രി​​ഷ്ക​​ര​​ണം) പേ​​രു വെ​​ട്ടി​​യ കാ​​ര്യം പ​​റ​​ഞ്ഞു. അ​​ച്ഛ​​ന്‍റെ മ​​ര​​ണ സ​​ര്‍​ട്ട​​ിഫി​​ക്ക​​റ്റ്, പാ​​ന്‍​ കാ​​ര്‍​ഡ്, ആ​​ധാ​​ര്‍​കാ​​ര്‍​ഡ് അ​​ട​​ക്കം ന​​ല്‍​കി. പി​​ന്നീ​​ട് കോ​​ല്‍​ക്ക​​ത്ത പോലീ​​സി​​ന്‍റെ സെ​​ക്യൂ​​രി​​റ്റി ക​​ണ്‍​ട്രോ​​ള്‍ ഓ​​ര്‍​ഗ​​നൈ​​സേ​​ഷ​​നി​​ല്‍​നി​​ന്നു വി​​ളി​​ച്ച്, വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ പേ​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ പോലീ​​സ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ സാ​​ധ്യ​​മ​​ല്ലെ​​ന്നറി​​യി​​ച്ചു. 2002ലെ ​​വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ രാ​​ജ​​ഗോ​​പാ​​ലി​​ന്‍റെ​​യോ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​രേ​​ത​​നാ​​യ പി​​താ​​വി​​ന്‍റെ​​യോ പേ​​ര് ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല​​ത്രേ. വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു നീ​​ക്ക​​പ്പെ​​ട്ട പ​​ശ്ചി​​മബം​​ഗാ​​ളി​​ലെ മ​​റ്റ് 27 ല​​ക്ഷം ആ​​ളു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ എ​​ന്ന​​പോ​​ലെ, ‘യു​​ക്തി​​സ​​ഹ​​മാ​​യ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ൾ’ എ​​ന്നാ​​ണ് കാ​​ര​​ണം പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​ത്. ഈ ​​പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ൾ തി​​രു​​ത്തി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ പേ​​ര് പു​​നഃ​സ്ഥാ​​പി​​ക്കാ​​ൻ അ​​പ്പീ​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് അ​​പ്പീലു​​ക​​ൾ എ​​ന്നു പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന​​റി​​യി​​ല്ല. പ​​ക്ഷേ, ആ ​​വോ​​ട്ടു​​ക​​ളി​​ല്ലാ​​തെ ബി​​ജെ​​പി ബം​​ഗാ​​ളി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി. മ​​ല​​യാ​​ളി​​യാ​​യ രാ​​ജ​​ഗോ​​പാ​​ൽ 30 വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി കോ​​ൽ​​ക്ക​​ത്ത​​യി​​ലാ​​ണ്. 25 വ​​ർ​​ഷ​​ത്തി​​ലേ​​റെ ഒ​​രേ വി​​ലാ​​സ​​ത്തി​​ൽ ക​​ഴി​​യു​​ന്ന അ​​ദ്ദേ​​ഹം 2010 മു​​ത​​ലെ​​ങ്കി​​ലും അ​​വി​​ടെ വോ​​ട്ട​​റു​​മാ​​ണ്. ബി​​ജെ​​പി​​യെ വി​​മ​​ർ​​ശി​​ച്ച മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണോ ഇ​​തി​​നു കാ​​ര​​ണ​​മെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, തെ​​ളി​​വി​​ല്ലെ​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​റു​​പ​​ടി.

ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ക​​യും പ്ര​​മു​​ഖ പ​​ത്ര​​ത്തി​​ന്‍റെ എ​​ഡി​​റ്റ​​റാ​​യി​​രി​​ക്കു​​ക​​യും ചെ​​യ്ത ത​​ന്‍റെ അ​​വ​​സ്ഥ ഇ​​താ​​ണെ​​ങ്കി​​ൽ പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ അ​​വ​​സ്ഥ എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് രാ​​ജ​​ഗോ​​പാ​​ൽ ചോ​​ദി​​ച്ച​​ത്. അ​​തി​​നു​​ത്ത​​രം ഫ്രാ​​ൻ​​സ് കാ​​ഫ്ക​​യു​​ടെ രൂ​​പാ​​ന്ത​​രീ​​ക​​ര​​ണം (ദി ​​മെ​​റ്റ​​മോ​​ർ​​ഫോ​​സി​​സ്) എ​​ന്ന ക​​ഥ​​യി​​ലെ ഗ്രി​​ഗ​​ർ സാം​​സ​​യു​​ടെ അ​​വ​​സ്ഥ എ​​ന്നു പ​​റ​​യേ​​ണ്ടി​​വ​​രും. സാം​​സ ഒ​​രു പ്ര​​ഭാ​​ത​​ത്തി​​ൽ എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ൾ താ​​നൊ​​രു വ​​ണ്ടാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​തു തി​​രി​​ച്ച​​റി​​ഞ്ഞു. മ​​നു​​ഷ്യ​​ൻ എ​​ന്ന ത​​ന്‍റെ അ​​സ്തി​​ത്വം വീ​​ണ്ടെ​​ടു​​ക്കാ​​നാ​​കാ​​തെ നീ​​റു​​ക​​യാ​​ണ് അ​​യാ​​ൾ. ക​​ഥ അ​​വി​​ടെ നി​​ൽ​​ക്ക​​ട്ടെ. പെ​​ട്ടെ​​ന്നൊ​​രു ദി​​വ​​സം ഒ​​രാ​​ൾ​​ക്ക് ഇ​​തു ഞാ​​ൻ ത​​ന്നെ​​യെ​​ന്നു മ​​റ്റു​​ള്ള​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തേ​​ണ്ടി വ​​രു​​ന്ന​​തി​​നോ​​ളം ഭ​​യാ​​ന​​ക​​മാ​​യി മ​​റ്റെ​​ന്തു​​ണ്ട്! അ​​ത് ര​​ക്ഷി​​ക്കാ​​നും ശി​​ക്ഷി​​ക്കാ​​നും അ​​ധി​​കാ​​ര​​മു​​ള്ള രാ​​ഷ്‌​​ട്ര​​ത്തെ​​യാ​​ണെ​​ങ്കി​​ലോ? ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ പ​​റ​​യു​​ന്ന​​തു​​പോ​​ലെ, ഇ​​തൊ​​ന്നും സ​​ർ​​ക്കാ​​രി​​ന്‍റെ ശ​​ത്രു​​താ ന​​ട​​പ​​ടി​​യാ​​ണെ​​ന്ന​​തി​​നു തെ​​ളി​​വി​​ല്ല. പ​​ക്ഷേ, കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ഒ​​രു പ്ര​​ഭാ​​ത​​ത്തി​​ൽ ത​​ങ്ങ​​ളു​​ടെ വോ​​ട്ട​​വ​​കാ​​ശ​​ത്തി​​നും പൗ​​ര​​ത്വ​​ത്തി​​നു​​മൊ​​ക്കെ തെ​​ളി​​വു ന​​ൽ​​കേ​​ണ്ടി​​വ​​രു​​ന്ന​​ത്, കു​​റ്റ​​വാ​​ളി​​ക​​ളെ​​പ്പോ​​ലെ ഓ​​ഫീ​​സു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ന്ന​​ത്, വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്ക​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ൽ ജീ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​ത്, വ​​ർ​​ഗീ​​യ നേ​​താ​​ക്ക​​ളു​​ടെ വി​​ദ്വേ​​ഷപ്ര​​സം​​ഗ​​ങ്ങ​​ളാ​​ൽ സം​​ശ​​യ​​ദൃ​ഷ്‌​ടി​യി​​ലാ​​കു​​ന്ന​​ത്, വ​​യ​​റി​​നു​​വേ​​ണ്ടി​​യ​​ല്ലാ​​തെ അ​​സ്തി​​ത്വ​​ത്തി​​നു​​വേ​​ണ്ടി പ​​ണി​​യെ​​ടു​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​ത്... വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു വെ​​ട്ടി​​മാ​​റ്റ​​പ്പെ​​ട്ട​​വ​​രു​​ടെ ആ​​കു​​ല​​ത​​ക​​ൾ സാം​​സ​​യു​​ടേ​​തി​​നു സ​​മാ​​ന​​മാ​​കു​​ക​​യാ​​ണ്. ഭ​​ര​​ണ​​കൂ​​ട​​വും പ്ര​​തി​​പ​​ക്ഷ​​വും നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും അ​​റി​​യു​​ന്നു​​ണ്ടാ​​കാം; പ​​രി​​ഹ​​രി​​ക്കു​​ന്നി​​ല്ല.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ ന​​ഷ്‌​ട​​പ്പെ​​ട്ട വി​​ശ്വാ​​സ്യ​​ത ജ​​നാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​ക്ക് അ​​പ​​മാ​​ന​​മാ​​യി​​ട്ടു​​ണ്ട്. വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ലെ ക്ര​​മ​​ക്കേ​​ടു​​ക​​ൾ തെ​​ളി​​വു​​സ​​ഹി​​തം പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​താ​​ണ്. ഇ​​തി​​നെ​​തി​​രേ രോ​​ഷം​കൊ​​ണ്ട മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റു​​ടെ നി​​ല​​പാ​​ട് ശ​​രി​​യ​​ല്ലെ​​ന്ന് മു​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രും വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്കാ​​നു​​ള്ള സ​​മി​​തി​​യി​​ലെ ഭൂ​​രി​​പ​​ക്ഷം സു​​പ്രീം​​കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സി​​നെ ഒ​​ഴി​​വാ​​ക്കി സ​​ർ​​ക്കാ​​രി​​ൽ നി​​ഷി​​പ്ത​​മാ​​ക്കി​​യ​​ത് തു​​ട​​ക്ക​​മാ​​യി​​രു​​ന്നു. പി​​ന്നാ​​ലെ, ക​​മ്മീ​​ഷ​​നു നി​​യ​​മ​​സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ടു​​ത്ത Appointment, Conditions of Service and Term of Office Act, 2023 അ​​നു​​സ​​രി​​ച്ച്, ചീ​​ഫ് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ണ​​റോ മ​​റ്റു ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രോ ഔ​​ദ്യോ​​ഗി​​ക കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ടു​​ത്ത തീ​​രു​​മാ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ സി​​വി​​ലോ ക്രി​​മി​​ന​​ലോ ആ​​യ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്ന് സം​​ര​​ക്ഷി​​ത​​രാ​​ണ്. ഈ ​​ക​​മ്മീ​​ഷ​​ന്‍റെ വോ​​ട്ട​​ർ​പ​​ട്ടി​​ക മ​​റ്റെ​​ല്ലാ തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​ക​​ളെ​​യും നി​​യ​​ന്ത്രി​​ക്കു​​ന്നു. സം​​ശ​​യ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്.

ഇ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി കാ​​ണേ​​ണ്ട കാ​​ര്യ​​ങ്ങ​​ളു​​മു​​ണ്ട്. ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​രമ​​ന്ത്രി പ​​റ​​ഞ്ഞ​​ത്, നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​രെ പു​​റ​​ത്താ​​ക്കും; പ​​ക്ഷേ, ഹി​​ന്ദു​​ക്ക​​ളാ​​യ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു പൗ​​ര​​ത്വം ന​​ഷ്‌​ട​​പ്പെ​​ടി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നാ​​ണ്. പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ​​യും ബി​​ഹാ​​റി​​ലെ​​യും ബി​​ജെ​​പി സ​​ർ​​ക്കാ​​രു​​ക​​ൾ അ​​ടു​​ത്ത​​യി​​ടെ പ​​റ​​ഞ്ഞ​​ത്, വോ​​ട്ട​​ർ​പ​​ട്ടി​​ക​​യി​​ലി​​ല്ലാ​​ത്ത​​വ​​രെ ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കു​​മെ​​ന്നാ​​ണ്. പാ​​സ്‌​​പോ​​ർ​​ട്ട് യാ​​ത്രാ​​രേ​​ഖ മാ​​ത്ര​​മാ​​ണെ​​ന്നും പൗ​​ര​​ത്വ​​ത്തി​​ന്‍റെ തെ​​ളി​​വ​​ല്ലെ​​ന്നു​​മാ​​ണ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. അ​​തി​​നാ​​യി 1967ലെ ​​പാ​​സ്‌​​പോ​​ർ​​ട്ട് നി​​യ​​മ​​ത്തി​​ലെ ചി​​ല പ​​ഴു​​തു​​ക​​ൾ ക​​ണ്ടെ​​ത്തി. പാ​​സ്പോ​​ർ​​ട്ട് നി​​യ​​മ​​ത്തി​​ലെ മാ​​ത്ര​​മ​​ല്ല, മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ​​യും, വി​​ദേ​​ശ​​ഫ​​ണ്ട് നി​​യ​​ന്ത്ര​​ണ നി​​യ​​മ​​ത്തി​​ലെ​​യും (എ​​ഫ്സി​​ഐ​​ർ​​എ) ഗോ​​വ​​ധ​​നി​​രോ​​ധ​​ന​​ നി​​യ​​മ​​ത്തി​​ലെ​​യും പ​​ഴു​​തു​​ക​​ളൊ​​ക്കെ എ​​ങ്ങ​​നെ ത​​ങ്ങ​​ൾ ശ​​ത്രു​​പ​​ക്ഷ​​ത്താ​​ക്കി​​യ​​വ​​ർ​​ക്കെ​​തി​​രേ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്ന് തെ​​ളി​​യി​​ച്ച സ​​ർ​​ക്കാ​​രാ​​ണ് കേ​​ന്ദ്ര​​ത്തി​​ൽ.

ഇ​​ത്ത​​വ​​ണ കേ​​ന്ദ്ര​​ത്തി​​ൽ ക​​ഷ്‌​​ടി​​ച്ച് അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തി​​യ ബി​​ജെ​​പി​​ക്ക് പ​​ഴ​​യ വ​​ർ​​ഗീ​​യ​​ത​​ന്ത്ര​​ങ്ങ​​ൾ​​കൊ​​ണ്ട് ഇ​​നി​​യൊ​​രു വി​​ജ​​യം എ​​ളു​​പ്പ​​മ​​ല്ല. അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ​​യും കു​​തി​​ര​​ക്ക​​ച്ച​​വ​​ട​​ത്തെ​​യും അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ​​യും ന്യൂ​​ന​​പ​​ക്ഷ​​വി​​രോ​​ധ​​ത്തി​​നു​​ള്ള പു​​തി​​യ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​ക​​ളെ​​യു​​മൊ​​ക്കെ എ​​ടു​​ത്തു​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ഗൗ​​ര​​വ​​ത്തി​​ൽ കാ​​ണേ​​ണ്ട​​താ​​ണ്. പ്ര​​തി​​പ​​ക്ഷം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദു​​ർ​​ബ​​ലാ​​വ​​സ്ഥ​​യി​​ലും കോ​​ട​​തി​​ക​​ൾ യാ​​ന്ത്രി​​ക​​ത​​യു​​ടെ പാ​​ര​​മ്യ​​ത​​യി​​ലു​​മാ​​യി​​രി​​ക്ക​​വേ, ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണം അ​​വ​​രു​​ടേ​​തു മാ​​ത്ര​​മ​​ല്ലെ​​ന്ന് ജ​​നം തി​​രി​​ച്ച​​റി​​യ​​ണം. 

Tags : DEEPIKA EDITORIAL

Recent News

Corehub Up